തിരുവല്ല : ഭരണകാലാവധി തീരാൻ ഒരുവർഷം മാത്രം ബാക്കിനിൽക്കെ നിരണം ഗ്രാമപഞ്ചായത്തിൽ വീണ്ടും ഭരണമാറ്റം. അവിശ്വാസ പ്രമേയത്തിന്മേൽ ഇന്നലെ നടന്ന വോട്ടെടുപ്പിൽ യു.ഡി.എഫിലെ അലക്സ് ജോൺ പുത്തുപള്ളിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എം.ജി രവിയ്ക്കെതിരെ ഏഴ് വോട്ടുകൾ നേടിയാണ് പഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ചുപിടിച്ചത്. ആകെ 13 അംഗങ്ങളാണ് ഭരണസമിതിയിൽ ഉള്ളത്. യു.ഡി.എഫ് -5, എൽ.ഡി.എഫ് -5, സ്വതന്ത്രർ -രണ്ട്, എൻ.ഡി.എ സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയായിരുന്നു ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷമുള്ള കക്ഷിനില. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ യു.ഡി.എഫിലെ കെ.പി പുന്നൂസിനെ പ്രസിഡന്റാക്കി ആദ്യ ഭരണസമിതി അധികാരമേറ്റു. എന്നാൽ രണ്ടുവർഷം മുമ്പ് കെ.പി പുന്നൂസ് നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിചേർക്കപ്പെടുകയും അറസ്റ്റിലായി റിമാൻഡിൽ പോകുന്ന സാഹചര്യമുണ്ടായി. തുടർന്ന് ജാമ്യത്തിൽ ഇറങ്ങി കെ.പി പുന്നൂസ് മുങ്ങിയതോടെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നു. അവിശ്വാസ പ്രമേയത്തിന്മേൽ നടന്ന വോട്ടിംഗിൽ എൻ.ഡി.എ സ്വതന്ത്രനായിരുന്ന എം.ജി രവിയും സ്വതന്ത്രരിൽ ഒരാളും എൽ.ഡി.എഫിന് പിന്തുണ നൽകി. തുടർന്ന് എൽ.ഡി.എഫ് പിന്തുണയോടെ എം.ജി രവി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ എൽ.ഡി.എഫ് അംഗവും ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന ലതാപ്രസാദ് മരണപ്പെട്ടതോടെ എൽ.ഡി.എഫ് കക്ഷിനില നാലായി കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് എം.ജി രവിയ്ക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ യു.ഡി.എഫ് വിജയിച്ചു. ഇതേതുടർന്നാണ് ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏഴ് അംഗങ്ങളുടെ പിന്തുണയോടെ യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചത്. കെ.പി പുന്നൂസും വോട്ടിംഗിന് എത്തിയിരുന്നു. തിരുവല്ല എസ്.സി.ഒ എസ്. ശ്രീലക്ഷ്മി വരണാധികാരിയായി. ഒട്ടനവധി രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയായ നിരണം ഗ്രാമപഞ്ചായത്തിൽ അടിക്കടിയുണ്ടാകുന്ന ഭരണമാറ്റം വികസന പ്രവർത്തനങ്ങളെയും ബാധിച്ചു.