തിരുവല്ല : കുരിശുകവലയ്ക്ക് സമീപത്തെ ഹെഡ് പോസ്റ്റ് ഓഫീസ് വളപ്പിന്റെ മതിലിടിഞ്ഞു വീണു. ഇരുചക്രവാഹന മെക്കാനിക്ക് അത്ഭുതകരമായി രക്ഷപെട്ടു. റോഡിലേക്ക് ചെരിഞ്ഞു നിന്നിരുന്ന അമ്പത് മീറ്ററോളം ഭാഗത്തെ മതിലാണ് വ്യാഴാഴ്ച രാത്രി 7.15ന് വലിയ ശബ്ദത്തോടെ ഇടിഞ്ഞു വീണത്. എം.സി റോഡരുകിൽ ഇവിടെ ദീർഘകാലമായി ഇരുചക്രവാഹന വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ ചെയ്തിരുന്ന തിരുവല്ല വെൺപാല ഉപാസന കലവറ വീട്ടിൽ മന്മഥൻ വേണു (56) ആണ് പരിക്കേൽക്കാതെ രക്ഷപെട്ടു. വർഷോപ്പിലെ സാധസാമഗ്രികളും മറ്റും ഇവിടെ സൂക്ഷിച്ചിരുന്ന അലമാരയും ഇരുചക്ര വാഹനങ്ങളും ഉപകരണങ്ങളുമെല്ലാം ഇടിഞ്ഞുവീണ കൽക്കൂമ്പാരങ്ങൾക്ക് അടിയിലായി. കാലപ്പഴക്കത്തെ തുടർന്ന് നിലംപതിച്ച മതിൽ ഹെഡ് പോസ്റ്റ് ഓഫീസ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്ത് റോഡരുകിലായി നിൽക്കുന്ന മരവും റോഡിലേക്ക് ചാഞ്ഞു വൈദ്യുതി കമ്പികളിലും കേബിളുകളിലും തടഞ്ഞു നിൽക്കുകയാണ്.