rev

പത്തനംതിട്ട : രോഗത്തിന്റെ പരിമിതിയെ അതിജീവിച്ച മിടുക്കി ഇനി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് കാമ്പസിനെ നയിക്കും. എസ്.എം.എ രോഗ ബാധിതയായി വീൽ ചെയറിൽ കോളേജിലെത്തുന്ന രണ്ടാംവർഷ ബി.സി.എ വിദ്യാർത്ഥിനി രേവതിയാണ് കാതോലിക്കേറ്റിന്റെ പുതിയ ചെയർപേഴ്സൺ.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ നടക്കാനുണ്ടായ ബുദ്ധിമുട്ടായിരുന്നു രോഗത്തിന്റെ തുടക്കം. ഒൻപതാം ക്ലാസിലായപ്പോൾ വണ്ടാനം മെഡിക്കൽ കോളേജിൽ എസ്.എം.എ രോഗം ആണെന്ന് സ്ഥിരീകരിച്ചു. ഓരോ ഘട്ടമായാണ് ഈ രോഗം വരുന്നത്. ടൈപ്പ് ഒന്നുമുതലാണ് തുടങ്ങുക. ടൈപ്പ് മൂന്ന് ആണ് രേവതിയുടെ രോഗം. പത്താം ക്ലാസിൽ പഠിയ്ക്കുമ്പോൾ പൂർണമായി വീൽചെയറിലായി. നിലവിൽ രോഗത്തിന്ചികിത്സ ഇന്ത്യയിലില്ല. കോളേജിന്റെ എല്ലാ ഭാഗത്തും സഞ്ചരിക്കാനുള്ള പരിമിതിയുണ്ട്. അത് നികത്തുന്നത് സുഹൃത്തുക്കളായ വിദ്യാർത്ഥികളാണ്. പഠനകാര്യത്തിലും മുൻപന്തിയിലാണ് രേവതി.

ഇലവുംതിട്ട നെടിയകാല തോപ്പിൽ കിഴക്കേതിൽ രവി - ജിജി ദമ്പതികളുടെ ഏകമകളാണ് ആർ.വി.രേവതി. അച്ഛനും അമ്മയും പൂർണ പിന്തുണ നൽകുന്നുണ്ടെന്ന് രേവതി പറയുന്നു. ഇനിയൊരു ജോലിയാണ് സ്വപ്നം.