tower

തിരുവല്ല : സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള റവന്യു ടവറിൽ ജീവനക്കാരും വൃദ്ധരും ഭിന്നശേഷിക്കാരുമെല്ലാം പടികൾ കയറി കുഴയുകയാണ്. ടവറിൽ ആകെയുള്ള രണ്ട് ലിഫ്‌റ്റുകളും ഏറെനാളായി പ്രവർത്തനരഹിതമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ടവറിലെ ലിഫ്‌റ്റുകൾ അടിക്കടി തകരാറിലാകുകയും ആളുകൾ ലിഫ്റ്റുകളിൽ കുടുങ്ങുന്നതും പതിവായിരുന്നു. ഇതേത്തുടർന്നാണ് ലിഫ്റ്റുകൾ അടച്ചു പൂട്ടിയത്. ടവറിന്റെ വടക്കുഭാഗത്തെ ക്യാപ്‌സൂൾ മാതൃകയിലുള്ള ലിഫ്റ്റിന്റെ മദർ ബോർഡും ഇതിനിടെ മോഷണം പോയി. പൊലീസിൽ പരാതി നൽകിയിട്ടും കണ്ടെത്താനായിട്ടില്ല. ഇതുകാരണം നാല് നിലകളിലുള്ള ടവറിന്റെ മുകളിൽ എത്താൻ മറ്റു മാർഗമില്ലാതെ ഇവിടെ എത്തുന്നവർ ബുദ്ധിമുട്ടുകയാണ്. പ്രധാന സർക്കാർ ഓഫീസുകളെല്ലാം പ്രവർത്തിക്കുന്നത് ഏറ്റവും മുകളിലത്തെ നിലയിലാണ്. കോടതികളും മുകളിലത്തെ നിലകളിൽ പ്രവർത്തിക്കുന്നതിനാൽ ദിവസവും നൂറുകണക്കിന് ആളുകളാണ് പടികയറി​ കുഴയുന്നത്.

18നും പണി തീർന്നില്ല
കഴിഞ്ഞ താലൂക്ക് സഭയിൽ ലിഫ്റ്റിന്റെ പണികൾ ഈമാസം 18ന് പൂർത്തിയാക്കുമെന്ന് ഹൗസിംഗ് ബോർഡ് അധികൃതർ ഉറപ്പ് നൽകിയതാണ്. എന്നാൽ ഇന്നലെ വൈകും വരെയും തുറന്ന് നൽകിയിട്ടില്ല. ടവറിന്റെ തെക്ക് ഭാഗത്തായുള്ള ലിഫ്റ്റ് അറ്റകുറ്റപ്പണികൾ നടത്തി പ്രശ്‌നം പരിഹരിക്കാനാണ് അധികൃതരുടെ നീക്കം. മറ്റൊരു ലിഫ്റ്റ് ഇവിടെ പുതിയതായും സ്ഥാപിച്ചു. മദർ ബോർഡ് മോഷണം പോയതിനാൽ ക്യാപ്സൂൾ മാതൃകയിലുള്ള ലിഫ്റ്റിന്റെ തകരാർ ഉടൻ പരിഹരി​ക്കാനാവി​ല്ല.

മാസങ്ങളായി തകരാറിലായ റവന്യു ടവറിലെ ലിഫ്റ്റുകൾ സമയപരിധി കഴിഞ്ഞിട്ടും തുറന്ന് കൊടുത്തില്ല.

ലിഫ്റ്റിന്റെ പണികൾ പൂർത്തിയായിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്ന് ഇലക്ട്രിക്കൽ ഇൻസ്പെട്രേറ്റ് ഒരുതവണ പരിശോധന നടത്തി. രണ്ടാം പരിശോധന ഇനിയും നടക്കാനുണ്ട്. വൈദ്യുതി ബന്ധം ഒഴിവാക്കി പണികൾ ചെയ്യേണ്ടതിനാൽ പ്രവർത്തി ദിവസങ്ങളിൽ ജോലി ചെയ്യാൻ സാധിക്കാത്തതാണ് പണികൾ നീണ്ടുപോകാൻ കാരണം.
(ഹൗസിംഗ് ബോർഡ് അധികൃതർ)