photo
ആറ് മാസമായി അടഞ്ഞുകിടക്കുന്ന പൂങ്കാവ് ഡിപ്പോയുടെ ഓഫീസ്

പ്രമാടം : ബാംബു കോർപ്പറേഷന്റെ എ ക്ളാസ് മാതൃകാ ഡിപ്പോയായ പൂങ്കാവിൽ ഈറ്റയെത്തിയിട്ട് ആറ് മാസം. ഈറ്റ ക്ഷാമത്തെ തുടർന്ന് ഡിപ്പോകളെല്ലാം അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കോന്നി, റാന്നി, വടശ്ശേരിക്കര റേഞ്ചുകളിൽ നിന്ന് 8200 മെട്രിക് ടൺ ഈ​റ്റ ശേഖരിക്കുന്നതിന് സർക്കാർ കോർപ്പറേഷന് അനുമതി നൽകിയിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധി തടസമായി. ഈ​റ്റ ശേഖരണം മുടങ്ങിയതിന് പിന്നാലെ ജി.എസ്.ടി കുടിശികയുമായി. അന്ന് മുതൽ വനംവകുപ്പും കോർപ്പറേഷനുമായി ശീതസമരത്തിലായി. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിയും.

ഡിപ്പോകൾ കാലി

ഈറ്റ എത്താത്തതിനാൽ കോർപ്പറേഷന്റെ ഡിപ്പോകൾ ആറ് മാസമായി അടഞ്ഞു കിടക്കുകയാണ്. പത്തനംതിട്ട ഡിവിഷന്റെ കീഴിൽ പൂങ്കാവ്, തോലുഴം, ശാസ്താംകോട്ട, താമരക്കുളം ഡിപ്പോകളാണ് പ്രവർത്തിക്കുന്നത്. ഇവയെല്ലാം ലാഭത്തിലായിരുന്നു. ഇതിൽ പൂങ്കാവ് എ ക്ളാസ് മാതൃകാ ഡിപ്പോയാണ്. മുന്തിയ ഇനം ഈ​റ്റയാണ് പൂങ്കാവിൽ ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ ആവശ്യക്കാരും ഏറെയായിരുന്നു. പൂങ്കാവിലെ ചന്ത ദിവസമായ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഇവിടെ ഈ​റ്റവ്യാപാരം നടന്നിരുന്നത്. ‌ഈറ്റ ഇല്ലാതായതോടെ വെറ്റില കർഷകരും പരമ്പരാഗത തൊഴിലാളികളും ദുരിതത്തിലാണ്.

തൊഴിൽ മേഖല നിശ്ചലം

വനത്തിൽ നിന്ന് ഈറ്റ മുറിക്കുന്നവർ, കയറ്റിറക്ക് തൊഴിലാളികൾ, ലോറി ജീവനക്കാർ, ഡിപ്പോ തൊഴിലാളികൾ, ഈറ്റവെട്ടൽ കേന്ദ്രങ്ങളിൽ ഹോട്ടലും ചായക്കടയും നടത്തി ഉപജീവനം നടത്തുന്നവർ എന്നിങ്ങനെയുള്ള തൊഴിലാളികൾ ദുരിതത്തിലാണ്. ആയിരത്തോളം അംഗീകൃത തൊഴിലാളികൾ ആങ്ങമൂഴിയിൽ മാത്രമുണ്ട്. നാലുവശവും വനത്താൽ ചുറ്റപ്പെട്ട അട്ടത്തോട് ആദിവാസി കോളനി നിവാസികൾക്ക് ഈ​റ്റവെട്ട് മാത്രമാണ് ഉപജീവനമാർഗം.

വർക്കുപ്ളാൻ പുതുക്കാത്തത് പ്രതിസന്ധി

വനംവകുപ്പും ബാംബു കോർപ്പറേഷനുമായുള്ള ശീതസമരമാണ് പ്രതിസന്ധിക്ക് പ്രധാനകാരണം. വനംവകുപ്പ് അഞ്ച് വർഷത്തെ വർക്ക് പ്ളാൻ തയ്യാറാക്കിയ ശേഷമാണ് റാന്നി, ഗൂഡ്രിക്കൽ, വടശേരിക്കര, ആങ്ങമൂഴി റേഞ്ചുകളിൽ നിന്ന് ഈറ്റ വെട്ടാൻ ഓരോ വർഷവും ബാംബു കോർപ്പറേഷന് അനുമതി നൽകുന്നത്. എന്നാൽ ഇത്തവണ കാലാവധി കഴിഞ്ഞിട്ടും വർക്ക് പ്ളാൻ പുതുക്കാൻ വനം വകുപ്പ് തയ്യാറായിട്ടില്ല. ഇതുമൂലം വനത്തിൽ വൻതോതിൽ ഈറ്റശേഖരമുണ്ടെങ്കിലും ഇവയെല്ലാം പുഷ്പിച്ച് നഷ്ടമാകുന്ന സാഹചര്യമാണുള്ളത്.

അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഈറ്റകൾ പുഷ്പിച്ച് നഷ്ടമാകുന്നതിനൊപ്പം തൊഴിൽ മേഖലകളും നിശ്ചലമാകും. സർക്കാരിന് വൻ സാമ്പത്തിക നഷ്ടവും ഉണ്ടാകും.

പ്രസാദ്, ഈറ്റത്തൊഴിലാളി