20-pdm-pilgrim
ഫോട്ടോ:പണികൾ നടക്കുന്നതിന്റെ

പന്തളം: ശബരിമല മണ്‌ഡലകാലത്തിന് മുന്നോടിയായി പന്തളത്ത് തീർത്ഥാടകർക്കായി സൗകര്യങ്ങൾ ഒരുക്കിത്തുടങ്ങി. ക്ഷേത്രത്തിനു സമീപമുള്ള പഴയ വിശ്രമ മന്ദിരത്തിന്റെ ഭിത്തികൾ പൊളിച്ച് ഇവിടെ കടമുറികൾ പണിയുന്നതിനും സമീപത്തുള്ള അന്നദാന മണ്ഡപത്തിനു താഴെ വാഹനം നിറുത്തിയിടുന്നതിനും വഴിയൊരുക്കാനുള്ള നടപടി തുടങ്ങി.
ടോയ്ലറ്റ് ശുചീകരണം, സെപ്ടി ടാങ്ക് സ്ഥാപിക്കൽ, ക്ഷേത്ര പുനരുദ്ധാരണം, പന്തൽ, മിനുക്കുപണികൾ, തകരാറിലായ സെപ്ടി ടാങ്ക് മാറ്റിവയ്ക്കൽ, അന്നദാന മണ്ഡപത്തിന് ചുറ്റുമതിൽ നിർമ്മാണം തുടങ്ങിയവയും ഇതോടൊപ്പം പൂർത്തിയാക്കും. നഗരസഭ പണിയുന്ന ടോയ്ലറ്റുകുടെ രണ്ടാംഘട്ട പണികളും ആരംഭിച്ചിട്ടുണ്ട്. പഴയ ടോയ്ലറ്റിന് സമീപത്തുതന്നെയാണ് ഇത് പണിയുന്നത്. ഇതും മണ്ഡലകാലാരംഭത്തിന് മുമ്പ് പൂർത്തിയാക്കുന്നതിനാണ് നഗരസഭ തീരുമാനിച്ചിട്ടുള്ളത്. തീർത്ഥാടകർക്കുവേണ്ട സൗകര്യം, അന്നദാനം, വിരിവയ്ക്കൽ, കുളിക്കടവിൽ സുരക്ഷിതവേലി കെട്ടൽ,ക്ഷേത്രത്തിന്റെ പുനരുദ്ധാരണപണികൾ എന്നിവയെല്ലാം കഴിയുന്നതും ഈ മാസംതന്നെ പൂർത്തിയാക്കണമെന്നാണ് തീർത്ഥാടക അവലോകനയോഗത്തിലുയർന്ന നിർദ്ദേശം. കുളനട പഞ്ചായത്തിലും കുളിക്കടവ് വൃത്തിയാക്കുന്നതുൾപ്പെടെയുള്ള പണികൾ ചെയ്തു തീർക്കേണ്ടതായുണ്ട്.

പാർക്കിംഗിന് സ്ഥലമില്ല

പാർക്കിംഗിന് സ്ഥലം കണ്ടെത്തുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. തീർത്ഥാടനത്തോടനുബന്ധിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്ന് അടക്കം നൂറുകണക്കിന് വാഹനങ്ങളിലാണ് ഭക്തർ പന്തളത്ത് എത്തുന്നത്. കഴിഞ്ഞ വർഷങ്ങളിൽ കുളനട പഞ്ചായത്തിലെ കൈപ്പുഴയിൽ സ്വകാര്യ വ്യക്തിയുടെ ഭൂമി പാർക്കിംഗിനായി പഞ്ചായത്ത് സൗകര്യപ്പെടുത്തുമായിരുന്നു. ഇത്തവണയും അത് ലഭിച്ചില്ലെങ്കിൽ വാഹനങ്ങൾ എം.സിറോഡരികിൽത്തന്നെ പാർക്ക് ചെയ്യേണ്ട സ്ഥിതിയാവും.എം .സിറോഡിൽ പാർക്ക് ചെയ്താൽ അപകടങ്ങൾക്ക് സാദ്ധ്യത ഏറെയുമാണ്. മുൻവർഷങ്ങളിൽ കെ.ടി.ഡി.സിയുടെ അമിനിറ്റി സെന്ററിന്റെ സ്ഥലങ്ങളിലും വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനും ഭക്തർക്കും വിശ്രമിക്കാനും ഇടം ഉണ്ടായിരുന്നു ഇക്കൊല്ലം കുടുംബശ്രീയുടെ കഫേ നടത്തുന്നതിന് നൽകിയതിനാൽ അവിടെയും സൗകര്യം ഇല്ലാതായി.