
ശബരിമല:തുലാമാസ പൂജയ്ക്ക് നടതുറന്ന ശബരിമലയിൽ തിരക്കേറിയതോടെ ദർശനം മൂന്ന് മണിക്കൂർ കൂട്ടി. രാവിലെ 5 മുതൽ 3 വരെയും വൈകിട്ട് 4 മുതൽ 10 വരെയുമാണ് ദർശനം. രണ്ട് ദിവസങ്ങളിൽ ഓൺലൈൻ ബുക്കിംഗിലൂടെ മലകയറിയത് ഒരുലക്ഷത്തിലധികം തീർത്ഥാടകരാണ്. തീർത്ഥാടകരുടെ വർദ്ധനവിനനുസരിച്ച് പൊലീസ് ഇല്ലായിരുന്നു. പതിനെട്ടാംപടി കയറുന്നവരുടെ എണ്ണം ഒരു മിനിറ്റിൽ 35 മുതൽ 40വരെ കുറഞ്ഞതോടെ തീർത്ഥാടകരുടെ നിര താഴെ തിരുമുറ്റവും വലിയനടപ്പന്തലും ജ്യോതിർനഗറും പിന്നിട്ട് മരക്കൂട്ടത്തേക്ക് നീണ്ടു. തിരക്ക് നിയന്ത്രിക്കാൻ 150ൽ താഴെ പൊലീസുകാരാണ് ഉണ്ടായിരുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ക്യൂവിൽ വലഞ്ഞു. 18 ന് രാത്രി ക്യൂവിൽ നിന്ന ഭക്തരെ നട അടച്ചശേഷം പതിനെട്ടാംപടി കയറ്റി വടക്കേ നടയിലേക്ക് ഇറക്കിനിറുത്തി. അഞ്ച് മണിക്കൂറിലധികം ഭക്തർ ക്യൂവിൽ നിന്നതോടെ സ്പെഷ്യൽ കമ്മിഷണർ ഇടപെട്ട് വലിയ നടപ്പന്തലിലെ ഫാനുകൾ ഓണാക്കി. കുടിവെള്ളവും ലഘുഭക്ഷണവും നൽകി. ഇന്നലെ പുലർച്ചെ കൂടുതൽ പൊലീസുകരെ എത്തിച്ചാണ് തിരക്ക് നിയന്ത്രിച്ചത്. തുലാമാസ പൂജ പൂർത്തിയാക്കി 21ന് രാത്രി 10ന് നടയടയ്ക്കും. ചിത്തിര ആട്ട വിശേഷത്തിനായി 30ന് തുറക്കും. 31നാണ് ആട്ട ചിത്തിര.