 
മല്ലപ്പള്ളി : വിവാഹബന്ധം വേർപെടുത്തിയതിലെ വിരോധത്തിൽ യുവതിയേയും പ്രായപൂർത്തിയാകാത്ത സഹോദരനെയും മർദ്ദിച്ച കേസിൽ മുൻ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ബി.ആർ.രാഹുൽ (29) ആണ് കീഴ്വായ്പൂർ പൊലീസിന്റെ പിടിയിലായത്. മല്ലപ്പള്ളി ഈസ്റ്റ് ചേർത്തോട് പുളിഞ്ചിമൂട്ടിൽ ആൽവി എബ്രഹാമി (23) നും, 17 വയസുള്ള സഹോദരനുമാണ് മർദ്ദനമേറ്റത്. ഈ മാസം ഒന്നിന് വൈകിട്ട് 5ന് ആണ് സംഭവം. ആൽവിയ തന്റെ സർട്ടിഫിക്കറ്റും വസ്ത്രങ്ങളും എടുക്കാൻ വേണ്ടി സഹോദരനെയും കൂട്ടി രാഹുലും മറ്റും താമസിച്ചുവരുന്ന വീട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഇരുവരെയും തടഞ്ഞുനിറുത്തിയ രാഹുൽ യുവതിയുടെ അനുജനെ അസഭ്യം വിളിച്ചുകൊണ്ട് പിടിച്ചുതള്ളുകയും അടിക്കുകയും മുറ്റത്തിരുന്ന ചെടിച്ചട്ടിയെടുത്ത് എറിഞ്ഞ് കയ്യിലും വയറിലും പരിക്ക് ഏൽപ്പിക്കുകയും ചെയ്തു. യുവതിയുടെ മൊഴിപ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ച കീഴ്‌വായ്പ്പൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് രേഖപ്പെടുത്തി.