കൂടൽ : കൂടലിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി. വഴിയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും ഭീഷണിയാകുന്ന തരത്തിലാണ് ഇവിടെ തെരുവ് നായ്കളുടെ വർദ്ധന. പ്രദേശത്തെ മാലിന്യം തള്ളൽ ഒരു പരിധിവരെ തെരുവ് നായ്ക്കളുടെ വർദ്ധനയ്ക്കു കാരണം ആകുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. പ്രഭാത സവാരിക്കാരും പത്ര വിതരണക്കാർ, പാൽ വിതരണക്കാർ തുടങ്ങിയവർ തെരുവ് നായ്ക്കളുടെ ശല്യം മൂലം പൊറുതി മുട്ടിയിരിക്കുകയാണ്. ക്ഷേത്ര ദർശനത്തിനു പോകുന്നവർക്കും തെരുവ് നായ ശല്യം ഭീഷണിയാണ്. കൂടൽ ജംഗ്ഷൻ, ഫെഡറൽ ബാങ്കിന്റെ പരിസരം, മാർക്കറ്റ്, സപ്ലൈകോയുടെ പരിസരം രാജഗിരി റോഡ്, ഗാന്ധി ജംഗ്ഷൻ, പൊലീസ് സ്റ്റേഷൻ പരിസരം, നെല്ലിമുരുപ്പ് റോഡ് എന്നിവിടങ്ങളിൽ തെരുവുനായ ശല്യം പതിവാണ്.
വീട്ടിൽ വളർത്തുന്ന നായ്ക്കളെയും വളർത്തു മൃഗങ്ങളെയും തെരുവ് നായ ആക്രമിക്കുന്ന സംഭവം ഉണ്ടാകുന്നുണ്ട്. രാത്രിയിൽ വീട്ടിൽ വളർത്തുന്ന നായ്ക്കളെ അഴിച്ചു വിടാൻ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. തെരുവ് നായ്ക്കൾ ഇരുചക്രവാഹനത്തിന് കുറുകെ ചാടി അപകടത്തിൽപെടുന്നത് പതിവാണ്. തെരുവ് നായ്ക്കളുടെ ആക്രമണം വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടും ഉത്തരവാദിത്തപ്പെട്ടവർ മൗനം പാലിക്കുന്നതു പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. നാട്ടുകാർക്ക് ഭീഷണിയാകുന്ന തെരുവ് നായ്ക്കളെ തുരത്താൻ നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
................................................
കൂടലിലും പരിസരപ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യം ജന ജീവിതത്തിന് ഭീഷണിയായിരിക്കുയാണ്. അധികൃതർ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണം.
അജി അപ്സര
(പ്രദേശവാസി)