ചെങ്ങന്നൂർ : ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിൽ മഞ്ഞപ്പിത്ത ബാധ ഉണ്ടായതിനെ തുടർന്ന് വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെ മഞ്ഞപ്പിത്ത രോഗ പ്രതിരോധത്തിനായി അവലോകന യോഗം ചേർന്നു. അടിയന്തരമായി പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകൾ ചേർന്നു നടത്താൻ യോഗം തീരുമാനിച്ചു. പരുമല ശബരിമല തീർത്ഥാടന കാലം ആരംഭിക്കുന്നതിനാൽ അടിയന്തരമായി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ നടപടി സ്വീകരിക്കും. വാർഡ് തലങ്ങളിൽ സംയുക്ത സ്‌ക്വാഡുകൾ രൂപീകരിച്ച് ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. പെട്ടിക്കടകൾ, തട്ടുകടകൾ, ഹോട്ടലുകൾ, ബേക്കറികൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, വിദ്യാർത്ഥികൾ ഒന്നിച്ച് താമസിക്കുന്ന സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ആരോഗ്യ വിഭാഗത്തിന്റെ പരിശോധന തുടരും. വിവിധ സ്ഥലങ്ങളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ബോധവത്കരണത്തിനായി മൈക്ക് അനൗൺസ്‌മെന്റ് നടത്തും.നഗരസഭ ചെയർപേഴ്‌സൺ അഡ്വ.ശോഭാ വർഗീസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.എസ്.എൻ. ജീന, ഡോ.സാബു സുഗതൻ, കെ.ഷിബുരാജൻ, ടി.കുമാരി, അശോക് പടിപ്പുരയ്ക്കൽ, ശ്രീദേവി ബാലകൃഷ്ണൻ, ജോസ് എബ്രഹാം, ഡോ.ജെ.തോമസ്, ഡോ.ഉമ്മൻ വർഗീസ്,ശ്രീലക്ഷ്മി എസ്. വാസവൻ, എം.ഹബീബ്, എ.അജയൻ, സി.നിഷ, ലിബിന ബിനു വർഗീസ്, ആര്യ വിജയൻ, ആശ കെ.പിള്ള, ഓഫീസർ ഡോ.എസ്. സുരേഷ്,എച്ച്.എസ്., ആർ.സജിത്ത്, സുനിൽ ജോസഫ്, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ബി.എസ്.ബീന എന്നിവർ പ്രസംഗിച്ചു.