road
പൊളിഞ്ഞു കിടക്കുന്ന റോഡ്

അടൂർ : ഏറത്ത്,കടമ്പനാട് പഞ്ചായത്തുകളിൽ കൂടി കടന്നു പോകുന്ന വടക്കടത്തുകാവ് നിലക്കൽ മുകൾ റോഡ് തകർന്ന് തരിപ്പണമായി. അന്തിച്ചിറ, ജ്യോതി പുറം, ഗുരുമന്ദിരം ജംഗ്ഷൻ, വയലിൽ കട, മാഞ്ഞാലിൽ ശിവക്ഷേത്രം, പള്ളിമുക്ക്, നിലക്കൽ മുകൾ എന്നീ ഭാഗങ്ങളിൽ ടാറിളകി വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വയലിൽ കട ഭാഗത്തെ കലുങ്കിലെ ടാറിംഗ് പൂർണമായും ഇളകി അപകടാവസ്ഥയിലാണ്. ഇരുചക്ര വാഹനങ്ങളും സൈക്കിളിൽ പോകുന്ന കുട്ടികളും അപകടത്തിൽ പെടുന്നത് പതിവാണ്. പൊതു വാഹന ഗതാഗതം വളരെ കുറവുള്ള റോഡാണിത്. നാല് സ്വകാര്യ ബസുകളും രണ്ട് കെ.എസ്ആർ.ടി.സി ബസുകളുമാണ് ആകെ സർവീസ് നടത്തുന്നത്. കൂടുതൽ പേരും യാത്ര ചെയ്യുവാനായി ഇരുചക്ര വാഹനങ്ങളും ഓട്ടോ ടാക്സികളുമാണ് ആശ്രയിക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് ഏളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡാണിത്. ആദ്യം ടെൻഡർ വിളിച്ചെങ്കിലും റോഡ് പണി പൂർത്തിയാകാത്തതിനാൽ റീ ടെൻണ്ടർ വിളിക്കണമെന്നാണ് അധികൃതർ പറയുന്നത്. വാട്ടർ അതോറിറ്റിയുടെ പൈപ്പിന്റെ പണി പൂർത്തിയായ ശേഷമേ റീടെണ്ടർ വിളിക്കുവാൻ സാധിക്കുകയുള്ളൂ. 90% ഭാഗത്തും പൈപ്പിന്റെ പണി പൂർത്തിയായിട്ടുണ്ട്. എന്നാൽ ബാക്കിയുള്ള 10ശതമാനം ഭാഗത്ത് പണി ഇഴയുന്നതാണ് പ്രധാന പ്രശ്നം.

...................................

രാത്രികാലങ്ങളിൽ നിരവധി വാഹനങ്ങൾ ഈ റോഡിൽ അപകടത്തിൽ പെടുന്നുണ്ട്. അടിയന്തരമായി റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണം.

അനിൽ മണക്കാല

പ്രസിഡന്റ്

(തുവയൂർ വടക്ക് പൗരസമിതി )​