
അടൂർ : കടമ്പനാട് കുടുംബാരോഗ്യകേന്ദ്രം തുറക്കാതെ ഡോക്ടർമാരും ജീവനക്കാരും കൂട്ടത്തോടെ ഇന്നലെ അവധിയിൽ പ്രവേശിച്ചത് രോഗികളെ വലച്ചു. മൂന്ന് ഡോക്ടർമാരും നഴ്സുമാർ ഉൾപ്പടെയുള്ള ആറ് ജീവനക്കാരുമാണ് ആശുപത്രിയിലുള്ളത്. ഡോക്ടർമാരും ജീവനക്കാരും കൂട്ടത്തോടെ അവധിയിൽ പ്രവേശിക്കരുതെന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശം പാലിക്കാതെ കൂട്ടത്തോടെ ലീവ് എടുക്കുകയായിരുന്നു. ജീവിതശൈലി രോഗങ്ങൾക്ക് മരുന്നു വാങ്ങാനായി എത്തിയ നിരവധി പേർ മടങ്ങിപോകേണ്ടിവന്നത് പ്രതിഷേധത്തിനും കാരണമായി. കോൺഗ്രസിന്റെ നേതൃത്വത്തിൽ ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടന്ന പ്രതിഷേധസമരം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ.ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ണടി പരമേശ്വരൻ, റെജി മാമൻ, ഷിബു ബേബി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി.പ്രസന്നകുമാർ, തുഷാര, സലിം ബാവ, ലാൽകുമാർ, ഹരീഷ് പറങ്കാവിള, രാജേഷ് നിലയ്ക്കൽ, സതീശൻ, സനൽ എന്നിവർ പ്രസംഗിച്ചു.