
പത്തനംതിട്ട: മരിച്ച എ.ഡി.എം നവീൻബാബുവിന്റെ കുടുംബത്തിന് നിയമപരമായ എല്ലാ പരിരക്ഷയും ഉറപ്പാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി.പി.ദിവ്യയെ ഒഴിവാക്കുന്നതായിരുന്നു പാർട്ടി സ്വീകരിക്കേണ്ടിയിരുന്ന നടപടി. ദിവ്യ മൊഴി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടത് പൊലീസുമായി ബന്ധപ്പെട്ട കാര്യമാണെന്നും അതിൽ പാർട്ടി ഇടപെടില്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നിലപാട് ശക്തമാണോയെന്ന ചോദ്യത്തിന് എല്ലാ ജില്ലാ കമ്മിറ്റിയും എടുക്കുന്ന നിലപാട് ശക്തമാണെന്ന് അദ്ദേഹം മറുപടി നൽകി. സംഘടനാപരമായ പ്രശ്നം പാർട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്നമാണ്.
സംഭവം അറിയുമ്പോൾ തന്നെ നവീൻ ബാബുവിന്റെ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിനെ വിളിച്ച് പറഞ്ഞിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം എന്നിവരും എം.വി ഗോവിന്ദനൊപ്പം വീട്ടിലെത്തിയിരുന്നു.
മൗനം പാലിച്ച്
കെ.പി.ഉദയഭാനു
ദിവ്യയ്ക്കെതിരെ കൂടുതൽ നടപടി വേണമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞതിനെ മുഖവിലയ്ക്കെടുക്കാതെയായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. സംഘടനാപരമായ നടപടികളെ കുറിച്ചുള്ള ചോദ്യങ്ങളോട് കെ.പി.ഉദയഭാനു ഇന്നലെ പ്രതികരിച്ചുമില്ല. നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിക്കാനായി മാത്രമാണ് എം.വി ഗോവിന്ദൻ ഇന്നലെ പത്തനംതിട്ടയിലെത്തിയത്.