ശബരിമല :സന്നിധാനത്തു രണ്ടു ദിവസമായി അനിയന്ത്രിതമായ തിരക്ക് ഇന്നലെ നിയന്ത്രണ വിധേയമായി. ദർശന സമയം നീട്ടിയതും പിൻവലിച്ചു. 18 മുതലാണ് തിരക്ക് ക്രമാതീതമായത്. പതിനെട്ടാം പടിയിൽ ഒരുമിനിറ്റിൽ 75 മുതൽ 85 വരെ തീർത്ഥാടകർ കയറേണ്ടിടത്ത് 35 - 45 പേരായി കുറഞ്ഞതോടെ താഴെ തിരുമുറ്റത്തേയും വലിയ നടപന്തലിലെയും തിരക്ക് ജ്യോതിൽ നഗറിലേക്കും ശരംകുത്തിയിലേക്കും മരകൂട്ടത്തേക്കും നീളുകയായിരുന്നു. ക്യൂവിലും അല്ലാതെയും എത്തിയ തീർത്ഥാടകർ പതിനെട്ടാം പടിക്കുതാഴെ തിങ്ങിനിറഞ്ഞതും തിരക്ക് വർദ്ധിപ്പിച്ചു. അഞ്ചു മുതൽ ഏഴു മണിക്കൂർ വരെ ക്യൂ നിൽക്കേണ്ടിവന്നു. 18ന് ക്യൂവിൽ കുടുങ്ങിയവർക്ക് കുടിവെള്ളം പോലും ലഭിച്ചില്ലെന്ന പരാതി ഉയർന്നു.
ഓൺ ലൈൻ ബുക്കിംഗ് അരലക്ഷം കവിഞ്ഞ 18, 19 തീയതികളിൽ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു കൂടുതൽ പൊലീസിനെ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടെങ്കിലും 30 സേനാംഗങ്ങളെ മാത്രമാണ് അധികമായി നൽകിയത്. 18ന് രാത്രി സ്ഥിതി വഷളായതോടെ സ്പെഷ്യൽ കമ്മിഷണറുടെ നിർദ്ദേശ പ്രകാരം രണ്ട് കമ്പനി പൊലീസിനെ 19ന് പുലർച്ചെ അധികമായി വിന്യസിച്ചു. 16 മുതൽ 19ന് പുലർച്ചെ വരെ സന്നിധാനത്ത് 150ൽ താഴെ പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്.
ഓൺലൈൻ ബുക്കിംഗ്
നടതുറന്ന 16ന് : 11,965,
17ന് : 28,959,
18ന് : 53,955,
19ന് : 52,000
20ന് : 35,000
ഭക്തർക്ക് സൗകര്യങ്ങൾ
ക്യൂവിൽ നിന്നവർക്ക് വെള്ളവും ലഘുഭക്ഷണവും നൽകി.
വലിയ നടപന്തലിലെ ഫാനുകൾ ഓണാക്കി.
രാത്രി നടഅടച്ച ശേഷം ക്യൂ നിന്നവരെ പതിനെട്ടാം പടി കയറ്റി വടക്കേ നടയിലേക്ക് ഇറക്കി നിറുത്തി.19 മുതൽ ദർശനം മൂന്നുമണിക്കൂർ നീട്ടി.
ഇന്ന് നട അടയ്‌ക്കും
തുലാമാസ പൂജ പൂർത്തിയാക്കി ഇന്ന് രാത്രി 10ന് നട അടയ്ക്കും. ചിത്തിര ആട്ട വിശേഷത്തിന് 30ന് വീണ്ടും തുറക്കും. 31നാണ് ആട്ട ചിത്തിര. അന്ന് പടി പൂജ ഉൾപ്പടെ എല്ലാ വിശേഷ പൂജകളും സന്നിധാനത്ത് നടക്കും.