ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ 13-ാം വാർഡിലെയും പാണ്ടനാട് പഞ്ചായത്ത് രണ്ടാം വാർഡിലൂടെയും കടന്നു പോകുന്ന പള്ളത്തുപടി കളീക്കൽപ്പടി റോഡ് തകർന്നു തരിപ്പണമായി. വർഷങ്ങളായിട്ട് ദുരിതം അനുഭവിക്കുകയാണ് നാട്ടുകാർ.
രണ്ട് ഗ്രാമ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. 525 മീറ്റർ നീളവും 6.1 മീറ്റർ വീതിയുമുണ്ട്. റോഡ് ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ പെട്ടതാണ്. പ്രളയത്തിനു ശേഷമാണ് റോഡ് ഇത്രയും താറുമാറായത്. ടാറിംഗും മെറ്റലുംപൂർണ്ണമായും ഇളകി ചെമ്മൺപാതയ്ക്ക് സമമാണ് റോഡിന്റെ അവസ്ഥ. പാണ്ടനാട്ടിൽ നിന്ന് നിരവധി കുട്ടികളാണ് കാൽനടയായും സൈക്കിളിലും തിരുവൻവണ്ടൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്കും ശ്രീ അയ്യപ്പകോളേജിലേക്കും ഈ റോഡിലൂടെ കടന്നുപോകുന്നത്. ദിവസേന സ്കൂൾ ബസുകളുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. മഴക്കാലമായതോടെ കുഴി ഏതെന്നറിയാതെ നിരവധി ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽ പ്പെടുന്നുണ്ട്. തിരുവൻവണ്ടൂർ ,തിരുവല്ല ,കല്ലിശേരി എന്നീ പ്രദേശങ്ങളിലേയ്ക്കും മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ ,വിവിധ ദേവാലയങ്ങൾ എന്നിവിടങ്ങളിലേക്കും പോകുന്നതിനുള്ള ഏക മാർഗമാണിത്.
പരാതി നൽകിയിട്ടും ഫലമില്ല
റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി തവണ അധിതൃതർക്ക് പരാതി നൽകിയിട്ടും ഫലം കണ്ടില്ല. അടിയന്തരമായി റോഡ് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും സംയുക്തമായി പൊതുമരാമത്ത് മന്ത്രിക്കും ,ജില്ലാ പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
..................
കുഴി എതെന്ന് അറിയാതെ നിരവധി ഇരു ചക്രവാഹനങ്ങൾ അപകടത്തിൽ പെടാറുണ്ട്.
അധികൃതർ ഇടപെട്ട് അടിയന്തര പരിഹാരം കാണണം.
(പ്രശോബ് തിരുവൻവണ്ടൂർ )
....................
റോഡിന് 525 മീറ്റർ നീളം
6.1 മീറ്റർ വീതി