valanjavattam
വളഞ്ഞവട്ടം മണപ്പുറം മഹാദേവ ക്ഷേത്രം

തിരുവല്ല : തിരുവിതാംകൂർ ദേവസ്വം ബോർഡ് ആദ്യമായി അബ്രാഹ്മണ ശാന്തിയെ പൂജയ്ക്ക് നിയമിച്ചതിലൂടെ ചരിത്രത്തിൽ ഇടംതേടിയ വളഞ്ഞവട്ടം മണപ്പുറം മഹാദേവക്ഷേത്രം അവഗണനയിൽ. പമ്പ, മണിമല നദികളുടെ സംഗമഭൂമിയായ വളഞ്ഞവട്ടം കീച്ചേരിവാൽ കടവിന് സമീപത്തുള്ള പുരാതനമായ മണപ്പുറം മഹാദേവക്ഷേത്രത്തിൽ ഇപ്പോൾ നിത്യപൂജപോലും മുടങ്ങുകയാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിനെ ആദ്യമായി ക്ഷേത്രത്തിൽ പൂജയ്ക്ക് നിയോഗിച്ച ദേവസ്വം ബോർഡിന്റെ തീരുമാനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാൽ രണ്ടുവർഷത്തിന് ശേഷം ശാന്തിക്കാരനായ യുവാവിന് ആലുവയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെ ക്ഷേത്രം അവഗണിക്കപ്പെട്ടു . തുടർന്ന് മറ്റൊരു ശാന്തിയെ ബോർഡ് നിയമിച്ചെങ്കിലും രണ്ടുവർഷത്തിനുശേഷം ഇയാൾക്കും മാറ്റം ലഭിച്ചു. പിന്നീട് താൽക്കാലിക ശാന്തിക്കാർ പൂജയ്ക്കായി എത്തി. ഇപ്പോൾ ഏതെങ്കിലും സമയത്ത് ആരെങ്കിലും വന്ന് പൂജ ചെയ്തു പോകുകയാണെന്ന് നാട്ടുകാർ പറഞ്ഞു. അപൂർവമായി തുറക്കുന്ന ക്ഷേത്രത്തിൽ ഭക്തരുടെ വരവും കുറഞ്ഞു. പുരാതനമായ ക്ഷേത്രവും ശാന്തിമഠവും ചുറ്റുപാടുമായി അമ്പതോളം സെന്റ് സ്ഥലവും ക്ഷേത്രത്തിനുണ്ട്. ഇവിടെയെല്ലാം ഇപ്പോൾ കാടുവളർന്ന് നിൽക്കുകയാണ്. ഒന്നരനൂറ്റാണ്ട് മുമ്പ് കാടുമൂടിക്കിടന്ന സ്ഥലത്ത് വിഗ്രഹം തെളിഞ്ഞുവന്നതിനെ തുടർന്ന് പുനഃപ്രതിഷ്ഠ നടത്തി നിർമ്മിച്ച ക്ഷേത്രമാണിത്.

ചരിത്രത്തോടൊപ്പം യദുകൃഷ്ണൻ

2017 ഒക്ടോബർ 9നാണ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൃശൂർ സ്വദേശി യദുകൃഷ്ണനെ ആദ്യമായി മണപ്പുറം മഹാദേവക്ഷേത്രത്തിൽ പൂജയ്ക്ക് നിയോഗിച്ച് ദേവസ്വം ബോർഡ് ചരിത്രം കുറിച്ചത്. ഹിന്ദു ഐക്യവേദിയും ക്ഷേത്ര ഉപദേശക സമിതിയുമെല്ലാം വലിയ സ്വീകരണങ്ങൾ നൽകിയാണ് പുതിയ ശാന്തിയെ സ്വീകരിച്ചത്. ഇതേതുടർന്ന് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ സജീവമായതോടെ ഭക്തജനങ്ങളുടെ തിരക്ക് കൂടി. ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞു വിദൂരങ്ങളിൽ നിന്നുപോലും ഭക്തർ എത്തിയിരുന്നു. രണ്ടുവർഷം പിന്നിട്ടതോടെ ആലുവയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് യദുകൃഷ്ണൻ അവിടേക്ക് പോയി.

മൂന്ന് വർഷമായി ബാലാലയ പ്രതിഷ്ഠ
കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായ ക്ഷേത്രം ദേവസ്വം ബോർഡിന്റെ അനുമതിതേടി പുനർനിർമ്മിക്കാൻ 2019ൽ ക്ഷേത്രഉപദേശക സമിതി തീരുമാനിച്ചു. തുടർന്ന് ക്ഷേത്രത്തിന് പുറത്ത് ബാലാലയ പ്രതിഷ്ഠയും നടത്തി. ഇതിനായി ദേവസ്വം ബോർഡ് 12ലക്ഷം രൂപയും അനുവദിച്ചു. നാട്ടുകാരുടെ സഹകരണത്തോടെ 30ലക്ഷം രൂപ ചെലവിൽ പുതിയ ക്ഷേത്രം നിർമ്മിക്കാൻ പദ്ധതി ആസൂത്രണം ചെയ്‌തെങ്കിലും കൊവിഡ് മൂലം തടസപ്പെട്ടു. ഇപ്പോഴും ബാലാലയ പ്രതിഷ്ഠയാണ് ക്ഷേത്രത്തിലുള്ളത്.

മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ സ്ഥിരം ശാന്തിമാരെ നിയമിക്കണം. ക്ഷേത്രത്തിന്റെ പുനർനിർമ്മാണം നടത്താനും ദേവസ്വം ബോർഡിന്റെ അടിയന്തര ഇടപെടൽ വേണം
യദുകൃഷ്ണൻ,
(ക്ഷേത്ര ഉപദേശകസമിതി മുൻഅംഗം)