
പത്തനംതിട്ട : കൗമാര കുതിപ്പിന് ഇന്ന് തിരി തെളിയും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ജില്ലാ സ്‌കൂൾ കായിക മേളയിൽ 98 ഇനങ്ങളിലായി 2500ൽപ്പരം കായിക താരങ്ങൾ പങ്കെടുക്കും. കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ 9.30ന് മേളയുടെ ഔപചാരിക ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും.
ജില്ലയിലെ 11 ഉപജില്ലകളിൽ നിന്നായി സീനിയർ, ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിലായാണ് മത്സരം. ആദ്യ ദിനം 34 ഫൈനലും രണ്ടാം ദിവസം 38 ഉം, മൂന്നാം ദിവസം 26 ഫൈനൽ മത്സരങ്ങളും നടക്കും. ഇന്ന് രാവിലെ 8.30ന് പത്തനംതിട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടർ പതാക ഉയർത്തുന്നതോടെ മത്സരങ്ങൾ ആരംഭിക്കും. സീനിയർ ആൺകുട്ടികളുടെ 1,500 മീറ്റർ ഓട്ട മത്സരമാണ് ആദ്യയിനം. 23 ന് മേള സമാപിക്കും.