പത്തനംതിട്ട: ജി ആൻഡ് ജി ഫിനാൻസിയേഴ്‌സുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ ജി ആൻഡ് ജി ഇൻവെസ്റ്റേഴ്‌സ് വെൽഫെയർ അസോസിയേഷൻ (ജി.ഐ.ഡബ്ല്യു.എ) രൂപീകരിച്ചു. സ്ഥാപന ഉടമകൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നിക്ഷേപത്തട്ടിപ്പു കേസിൽ പ്രതികളായ സിന്ധു നായർ, ലേഖ ലക്ഷ്മി എന്നിവരുടെ മുൻകൂർ ജാമ്യേപേക്ഷ ഹൈക്കോടതി തള്ളിയിട്ടും ഇവരെ അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയ സ്വാധീനവും ചില ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദവും മൂലമാണെന്ന് അസോസിയേഷൻ ആരോപിച്ചു. കോടതിയിൽ നിന്ന് തീർപ്പാകുന്നതുവരെ ഉടമകളുടെ വസ്തുക്കളിൽ ഏതെങ്കിലും തരത്തിലുള്ള നടത്തിപ്പുകൾ ഉണ്ടായാൽ ശക്തമായി നേരിടും. നിക്ഷേപകരെ വഞ്ചിച്ചശേഷം ഇപ്പോഴും തങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കാനും ക്രയവിക്രയം നടത്താനുമുള്ള ശ്രമമാണ് പ്രതികൾ നടത്തുന്നതെന്ന് അവർ പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് കെ.എം. മാത്യു പുല്ലാട്, വൈസ് പ്രസിഡന്റ് ദാനിയേൽ തോമസ്, ജനറൽ സെക്രട്ടറി കെ.വി. വർഗീസ്, ട്രഷറർ അജയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.