
കണ്ണൂരിൽ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യ കേരളം ഞെട്ടലോടെയാണ് കേട്ടത്. അതിന്റെ അലയൊലികൾ മലയാളികളുടെ മനസിൽ നിന്ന് ഉടനെയൊന്നും മായില്ല. സത്യസന്ധനായ പൊതുജനങ്ങളുടെ പ്രശ്നങ്ങൾ കരുതലോടെ കൈകാര്യം ചെയ്തിരുന്ന ഉദ്യോസ്ഥൻമാരിൽ ഒരാളെയാണ് നമുക്ക് നഷ്ടപ്പെട്ടത്. സർവീസ് അവസാനിക്കാൻ ഏഴ് മാസം മാത്രം ബാക്കി നിൽക്കെയാണ് അദ്ദേഹം ജീവനൊടുക്കിയത്.
പതിനെട്ടാം വയസിൽ പബ്ലിക് സർവീസ് കമ്മിഷന്റെ എൽ.ഡി ക്ളാർക്ക് പരീക്ഷ പാസായി ഇരുപത്തിമൂന്നാം വയസിൽ ജോലിയിൽ പ്രവേശിച്ചയാളാണ് നവീൻ ബാബു. മുപ്പത്തിമൂന്ന് വർഷം സർക്കാർ ജോലി ചെയ്ത അദ്ദേഹം ജില്ലാ കളക്ടർക്ക് താഴെയുള്ള അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി, ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കാനിരിക്കെയാണ് കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി യാത്രയായത്.
ഈ മാസം ആദ്യം പത്തനംതിട്ടയിലെത്തി സർവീസിന്റെ ശിഷ്ടകാലത്ത് സ്വന്തം നാടിനു വേണ്ടി ഒരിക്കൽ കൂടി പ്രവർത്തിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. കണ്ണൂർ കളക്ടറേറ്റിൽ നടന്ന യാത്രയയപ്പിനിടെ യോഗത്തിലേക്ക് വിളിക്കാതെ കയറിച്ചെന്ന് നവീൻ ബാബുവിനെതിരെ മുനവച്ച വാക്കുകൾക്കൊണ്ട് അധിക്ഷേപം ചൊരിഞ്ഞ അവിടുത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയാണ് മരണത്തിന്റെ ദൂതുമായെത്തിയത്. മരണം രംഗബോധമില്ലാതെ കടന്നുവരും എന്ന ചൊല്ല് പോലെ സംഭവിച്ചു. നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദി ദിവ്യയാണെന്ന് കുടുംബവും പൊതുസമൂഹവും വിശ്വസിക്കുന്നു. അതിന് വിശ്വസനീയമായ തെളിവാണ് യാത്രയയപ്പ് യോഗത്തിൽ നവീൻ ബാബുവിനെ അഴിമതിക്കാരനായി മുദ്രകുത്തിയുള്ള ദിവ്യയുടെ പ്രസംഗം. സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ കമ്മറ്റിയംഗമാണ് ദിവ്യ. പാർട്ടി പത്തനംതിട്ട ജില്ലാ കമ്മറ്റിയ്ക്കും പൊതുജനങ്ങൾക്കും പ്രിയപ്പെട്ടയാളായിരുന്നു നവീൻ ബാബു. അഴിമതിക്കാരനാക്കിയതിൽ മനംനൊന്ത് നവീൻ ജീവനൊടുക്കിയപ്പോൾ ദിവ്യയ്ക്കെതിരെ അണപൊട്ടിയ ജനരോഷം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി.
ജനരോഷത്തിൽ
പുകഞ്ഞ് പുറത്തേക്ക്
ഭരണ പ്രതിപക്ഷ ഭേദമില്ലാതെ പാർട്ടികളൊന്നടങ്കം ദിവ്യയ്ക്കെതിരെ രംഗത്തുവന്നു. ജനകീയ പ്രതിഷേധം കണ്ടില്ലെന്ന് നടിച്ച് പാർട്ടിയുടെ വനിതാ സഖാക്കൾ ദിവ്യയുടെ കണ്ണൂരിലെ വീടിന് കാവൽ നിന്നത് ആശ്ചര്യമായി. ഡി.വൈ.എഫ്.ഐക്കാരിയായ ദിവ്യയ്ക്കൊപ്പമാണെന്ന് സംഘടനയെന്ന് സംസ്ഥാന നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞത് പാർട്ടിയിൽ തന്നെ അമർഷമുണ്ടാക്കി. ദിവ്യ പറഞ്ഞതിനെയെല്ലാം അവിശ്വസിക്കേണ്ടെന്നാണ് നേതാക്കൾ പറഞ്ഞത്. അതിനർത്ഥം ദിവ്യ പറഞ്ഞത് വിശ്വസിക്കണമെന്നുതന്നെ. ദിവ്യയ്ക്കെതിരെ ശക്തമായ നടപടി വേണമെന്ന് സി.പി.എം ജില്ലാ കമ്മറ്റി ആവർത്തിച്ച് ആവശ്യപ്പെട്ടു. ദിവ്യയെ ന്യായീകരിച്ച് ഏതു സംഘടന പറഞ്ഞാലും അംഗീകരിക്കല്ലെന്ന് പാർട്ടി പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിന്റെ നിലപാടിനൊപ്പമാണ് പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും. ദിവ്യയ്ക്കെതിരെ നടപടിയില്ലെങ്കിൽ കുടുംബം നിയമപരമായ മാർഗം തേടുമെന്ന് പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗവും സി.ഐ.ടി.യു സംസ്ഥാന സമിതിയംഗവുമായ മലയാലപ്പുഴ മോഹനനും പറഞ്ഞു. ഇനി ദിവ്യയെ സംരക്ഷിക്കുന്നത് കൈവിട്ട കളിയായിരിക്കുമെന്ന് കണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കാൻ പാർട്ടിക്ക് തീരുമാനിക്കേണ്ടി വന്നു.
ഭരണത്തുടർച്ചയുടെ
ജീർണത
സി.പി.എം എന്ന പാർട്ടിയ്ക്ക് ലഭിച്ച അധികാരത്തുടർച്ച പാർട്ടിയെ പല തരത്തിൽ ക്ഷീണിപ്പിച്ചതായി ബ്രാഞ്ച് സമ്മേളനങ്ങളിലടക്കം വിമർശനമുയർന്നിട്ടുണ്ട്. അതിനെ സാധൂകരിക്കുന്ന അവസാനത്തെ തെളിവാണ് ദിവ്യയുടെ പ്രസംഗം. ദിവ്യയെ അധികാരക്കസേരയിലിരുത്തിയത് പാർട്ടിയാണ്. പെട്രോൾ പമ്പിന് എൻ.ഒ.സി ലഭിക്കാൻ വേണ്ടി നൽകിയ വ്യാജ അപേക്ഷയിൽ നിയമവിരുദ്ധമായി അനുമതി നൽകാത്തതിനാണ് നവീൻ ബാബുവിനെ ദിവ്യ ക്ഷണിക്കാത്ത യോഗത്തിൽ ചെന്ന് അധിക്ഷേപിച്ചത്. അഴിമതി നടത്തുന്നവരെയും അതിന് കൂട്ടുനിൽക്കുന്നവരെയും സംരക്ഷിക്കില്ലെന്ന പാർട്ടി നിലപാടിന് വിശ്വാസ്യത ലഭിക്കണമെങ്കിൽ ദിവ്യയെ സി.പി.എമ്മിൽ നിന്ന് പുറത്താക്കണം. അതാണ് പൊതുജനം പ്രതീക്ഷിക്കുന്നത്. പാർട്ടി പത്തനംതിട്ട ജില്ലാ കമ്മറ്റി ആവശ്യപ്പെടുന്നതും അതാണ്. പക്ഷെ, കണ്ണൂർ ജില്ലാ കമ്മറ്റിയും സംസ്ഥാന നേതൃത്വവും ദിവ്യയ്ക്ക് പാർട്ടിയുടെ തണലൊരുക്കുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിവ്യയെ ഒഴിവാക്കുന്നതായിരുന്നു ജനങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി സ്വീകരിക്കേണ്ടിയിരുന്ന നടപടിയെന്ന് എം.വി ഗോവിന്ദൻ പറഞ്ഞത്. പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ദിവ്യ പ്രതികരിച്ചതെന്നും സെക്രട്ടറി ന്യായീകരിക്കുന്നു. ദിവ്യയ്ക്കെതിരെ പാർട്ടിതല നടപടിയെടുക്കില്ലെന്നാണ് ഗോവിന്ദന്റെ വാക്കുകളിലെ സൂചന. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ദിവ്യയെ നീക്കിയാൽ പോര, പാർട്ടി തലത്തിലും നടപടിയുണ്ടാകണമെന്നാണ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആവശ്യം. നവീൻ ബാബുവിന്റെ കാരുവള്ളിൽ കുടുംബം പരമ്പരാഗതമായി സി.പി.എം പ്രവർത്തകരാണ്. അമ്മ സി.പി.എം സ്ഥാനാർത്ഥിയായി പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട്. മലയാലപ്പുഴ പഞ്ചായത്തിലെ ഒട്ടേറെ സി.പി.എം പ്രവർത്തകർ കാരുവള്ളിൽ കുടുംബവുമായി ബന്ധമുള്ളവരാണ്. പാർട്ടിയുടെ അടിത്തറയായ കുടുംബത്തിനൊപ്പം നിന്നില്ലെങ്കിലുണ്ടാകാവുന്ന പ്രത്യാഘാതം വലുതാണ്. അതുകൊണ്ടാണ് പത്തനംതിട്ടയിലെ പാർട്ടി നേതൃത്വം പി.പി ദിവ്യയ്ക്കെതിരെ അരയും തലയും മുറുക്കി രംഗത്തുവന്നത്.
അടവുനയം
കണ്ണൂർ പാർട്ടിയെ ദിവ്യയെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ പത്തനംതിട്ടയിലെ പാർട്ടി നടപടി ആവശ്യം ശക്തമാക്കി. എം.വി ഗോവിന്ദൻ നവീൻ ബാബുവിന്റെ വീട്ടിലെത്തി പാർട്ടി കുടുംബത്തിനൊപ്പമാണെന്ന് പ്രഖ്യാപിച്ചു. പത്തനംതിട്ട പാർട്ടിയെന്നോ കണ്ണൂർ പാർട്ടിയെന്നോ വേർതിരിവില്ലെന്നും പാർട്ടിയുടെ അവസാന വാക്ക് താനാണ് എന്നും പറഞ്ഞതോടെ പത്തനംതിട്ട ജില്ലാ കമ്മറ്റി നിശബ്ദരായി. സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾക്ക് കീഴ്പ്പെട്ടു നിൽക്കുന്നതാണ് സി.പി.എമ്മിന്റെ അച്ചടക്കം. ഒരേസമയം നവീൻ ബാബുവിന്റെ കുടുംബത്തിനും പി.പി ദിവ്യയ്ക്കുമൊപ്പം എന്ന അടവുനയം പ്രയോഗത്തിൽ വരുത്തിയിരിക്കുകയാണ് . ഇരയ്ക്കും വേട്ടക്കാരിക്കും ഒപ്പം നിൽക്കുന്ന വൈരുദ്ധ്യാത്മ ഭൗതികവാദം കണ്ട് അന്ധാളിച്ചിരിക്കുകയാണ് ജനം. ഇതു പാർട്ടി വേറെയാണ്.
നവീൻബാബുവിന്റെ വീട്ടിൽ മന്ത്രിമാരെത്തി, ഗവർണറുമെത്തി. അവസാനം മുഖ്യമന്ത്രിയും വന്നേക്കും. സർക്കാർ നവീന്റെ കുടുംബത്തിനൊപ്പം എന്ന പ്രഖ്യാപനം ആവർത്തിച്ചേക്കും. ദിവ്യ സി.പി.എം ജില്ലാ കമ്മറ്റിയംഗത്തിൽ നിന്ന് ജില്ലാ സെക്രട്ടറിയേറ്റിലേക്കും സംസ്ഥാന നേതൃത്വത്തിലേക്കും എത്തിയേക്കും. എഴുപത്തിയഞ്ച് എന്ന പ്രായപരിധി പിന്നിടാൻ പതിറ്റാണ്ടുകൾ ബാക്കിയുണ്ട്. ഇതിനിടയിൽ എം.എൽ.എ സ്ഥാനംവരെ വഹിച്ചെന്നും വരാം കാത്തിരുന്നു കാണാം!