ചെങ്ങന്നൂർ: ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി സംസ്ഥാനവ്യാപകമായി താലൂക്ക് തലത്തിൽ നടത്തുന്ന അദാലത്തുകൾ ജില്ലയിലെ ആദ്യ അദാലത്ത് 29ന് ചൊവ്വാഴ്ച അമ്പലപ്പുഴ താലൂക്കിൽ നടക്കും. അമ്പലപ്പുഴ താലൂക്ക് കോൺഫറൻസ് ഹാളിലാണ് അദാലത്ത്. കുട്ടനാട് താലൂക്കിലേത് 30 ന് ചമ്പക്കുളം ബ്ലോക്ക് ഓഫീസ് കോൺഫറൻസ് ഹാളിലും, മാവേലിക്കര താലൂക്കിലേത് നവംബർ 5ന് താലൂക്ക് ഓഫീസിലും ചെങ്ങന്നൂരിലേത് നവംബർ 7ന് ചെങ്ങന്നൂർ ഐ.എച്ച് ആർഡി കോളേജിലും കാർത്തികപ്പള്ളി താലൂക്കിലേത് നവംബർ 12ന് കാർത്തികപ്പള്ളി താലൂക്ക് കോൺഫറൻസ് ഹാളിലും, ചേർത്തല താലൂക്കിലേത് നവംബർ 14ന് ചേർത്തല താലൂക്ക് ഓഫീസിലും നടക്കും. മന്ത്രി കെ.രാജന്റെ പ്രത്യേക നിർദേശപ്രകാരം സംഘടിപ്പിക്കുന്ന അദാലത്ത് ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിലാണ് നടക്കുക. നിലവിലുള്ള അപേക്ഷകളിൽ ഉദ്യോഗസ്ഥ തലത്തിൽ തീർപ്പാക്കലാണ് അദാലത്തുകൊണ്ട് ഉദ്ദേശിക്കുന്നത്. ഡെപ്യൂട്ടി കളക്ടർമാർ, വില്ലേജ് ഓഫീസർമാർ, കൃഷി ഓഫീസർ, മറ്റു റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുക്കും.25 സെന്റിൽ താഴെയുള്ള സൗജന്യമായി തരം മാറ്റത്തിന് അർഹതയുള്ള, ഫോം 5, ഫോം 6 എന്നിവയിൽ നൽകിയ അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്.