തിരുവല്ല : എം.സി റോഡിലെ കുറ്റൂർ തോണ്ടറ പാലത്തിൽ ജലവിതരണ കുഴലുകൾ കയറ്റിയ ലോറികൾ പാർക്ക് ചെയ്തിരിക്കുന്നത് യാത്രാ തടസവും അപകട ഭീഷണിയും ഉയർത്തുന്നു. തൊണ്ടറ പഴയ പാലത്തിന്റെ വശത്തായി പാർക്ക് ചെയ്തിരിക്കുന്ന ഇതര സംസ്ഥാന രജിസ്ട്രേഷൻ ഉള്ള 10ലോറികളാണ് ഭീഷണിയാകുന്നത്. കഴിഞ്ഞ നാല് ദിവസമായി ലോറികൾ പാലത്തിൽ നിരനിരയായി പാർക്ക് ചെയ്തിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. പഴയ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിച്ചിട്ടുണ്ട് എങ്കിലും ചെറുവാഹനങ്ങൾ ഉൾപ്പെടെ ഉള്ളവ പലപ്പോഴും പഴയ പാലത്തിലൂടെയാണ് കടന്നുപോകുന്നത്. ഇരുഭാഗത്തുനിന്നും വാഹനങ്ങൾ എത്തുമ്പോൾ വലിയ തരത്തിലുള്ള യാത്ര തടസമാണ് അനുഭവപ്പെടുന്നത്. രാത്രികാലങ്ങളിൽ പാലത്തിലൂടെ എത്തുന്ന വാഹന യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി പാർക്ക് ചെയ്തിരിക്കുന്ന ലോറികളിൽ ഒന്നുംതന്നെ സ്ഥാപിച്ചിട്ടില്ല. ഇത് രാത്രികാല യാത്രക്കാർക്ക് വലിയ തരത്തിലുള്ള അപകട ഭീഷണിയാണ് ഉയർത്തുന്നത്. പാലത്തിൽ നിന്ന് ലോറികൾ നീക്കം ചെയ്ത് അപകട ഭീഷണി ഒഴിവാക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.