
കൊടുമൺ : സബ് ജൂനിയർ ഷോട്ട് പുട്ടിൽ ജേതാവായ കുറിയന്നൂർ എം.ടി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഹർഷ കെ.എസ് വിജയം പ്രിയപ്പെട്ട അദ്ധ്യാപകൻ അന്തരിച്ച തോമസ് ജോസഫ് എന്ന സണ്ണിസാറിന് സമർപ്പിച്ചു. കഴിഞ്ഞ ആറൻമുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് പള്ളിയോടത്തിൽ രണ്ടാം അടനയമ്പുകാരനായി തുഴയുന്നതിനിടെയാണ് തോമസ് ജോസഫ് പമ്പാനദിയിൽ വീണ് മരിച്ചത്. നാട്ടിലെ എല്ലാ പൊതുപരിപാടികളിലും സജീവമായിരുന്ന തോമസ് ജോസഫ് വിദ്യാർത്ഥികൾക്ക് ഏറെ പ്രിയകരനായ അദ്ധ്യാപകനായിരുന്നു. ഷോട്ട് പുട്ടിൽ ഏഴ് മീറ്റർ ദൂരമെറിഞ്ഞാണ് തോമസ് ജോസഫിന്റെ അയൽവാസി കൂടിയായ ഹർഷ ഒന്നാമതെത്തിയത്. ഹർഷ 600 മീറ്റർ ഓട്ടത്തിലും ഡിസ്‌കസ് ത്രോയിലും മത്സരിക്കാനുണ്ട്. വടംവലി മത്സരത്തിൽ നാഷണൽ താരമായ ഹർഷ ടെന്നി കൊയറ്റിൽ സംസ്ഥാന താരമാണ്. കുറിയന്നൂർ കിഴക്കേതിൽ സുരേഷ് കുമാർ - ലതികാ ദമ്പതികളുടെ മകളാണ്.