sports

അജാസ് ബിജുവും അമാനികയും വേഗമേറിയ താരങ്ങൾ

കൊടുമൺ : കൗമാര താരങ്ങളുടെ കായിക കരുത്ത് പ്രകടമാക്കിയ ജില്ലാ സ്‌കൂൾ കായികമേളയുടെ ആദ്യദിനം പുല്ലാട് ഉപജില്ല 62 പോയിന്റുമായി മുന്നി​ൽ. 43 പോയിന്റുമായി പത്തനംതിട്ട ഉപജില്ല രണ്ടാം സ്ഥാനത്തും 29 പോയിന്റുമായി കോന്നി ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്. സ്‌കൂൾ വിഭാഗത്തിൽ ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്.എസ്.എസ് 39 പോയിന്റുമായി ഒന്നാം സ്ഥാനത്തും എം.ടി.എച്ച്.എസ് കുറിയന്നൂർ 23 പോയിന്റുമായി രണ്ടാം സ്ഥാനത്തും എസ്.വി.ജി.വി.എച്ച്.എസ്.എസ് കിടങ്ങന്നൂർ 22 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.
എതിരാളികളെ ബഹുദൂരം പിന്നിലാക്കി പ്ലസ്ടു വിദ്യാർത്ഥികളായ കിടങ്ങന്നൂർ എസ്.വി.ജി.വി എച്ച്.എസ്.എസിലെ അജാസ് ബിജുവും അടൂർ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ അമാനിക.എച്ചും മീറ്റിലെ വേഗമേറിയ താരങ്ങളായി. കഴിഞ്ഞ മീറ്റിൽ 12.5 എന്ന തന്റെ തന്നെ സമയം ഇക്കുറി 12.32 പുതുക്കിയ അമാനിക ഭുവനേശ്വറിൽ നടക്കുന്ന ദേശീയ മീറ്റലേക്ക് ഇന്നലെ രാത്രിതന്നെ വണ്ടികയറി. അജാസ് ബിജു ലോംഗ് ജംപിലും ഒന്നാമതെത്തി മേളയിലെ ആദ്യദിനം ഇരട്ട സ്വർണ്ണ നേട്ടത്തിന് അർഹനായി. ഇനി മത്സരിക്കാനുള്ള 200 മീറ്റർ ഓട്ടം, 100 മീറ്റർ റിലേ എന്നീ ഇനങ്ങളിൽ ഒന്നാമതെത്തിയാൽ അജാസ് മേളയിലെ വ്യക്തിഗത ചാമ്പ്യനാകും.