fasaludhin

പത്തനംതിട്ട: മുപ്പതോളം വിസ തട്ടിപ്പുകേസുകളിൽ പ്രതിയായ മുൻ സർക്കാർ ജീവനക്കാരൻ 21 വർഷത്തിനുശേഷം അറസ്റ്റിൽ. വെട്ടിപ്രം മഞ്ജു ഭവനത്തിൽ (പിച്ചയ്യത്ത് വീട്) ഫസലുദ്ദീനാണ് (74) മലപ്പുറത്ത് പിടിയിലായത്. 2003ൽ അറസ്റ്റിലായെങ്കിലും ജാമ്യം കിട്ടിതോടെ ഒളിവിൽ പോവുകയായിരുന്നു. പൊതുമരാമത്ത് വകുപ്പിൽ ജീവനക്കാരനായിരുന്നു .സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. വിസയ്ക്ക് പണം നൽകിയവർ പണം ചോദിച്ച് വീട്ടിലേക്ക് എത്തിയതോടെ ഭാര്യ ജീവനൊടുക്കി.
സമീപകാലത്ത് നാട്ടിലെ ബന്ധുക്കളുടെ ഫോണിലേക്ക് സ്ഥിരമായി വടക്കൻ കേരളത്തിൽ നിന്ന് ഫോൺകോളുകൾ വരുന്നത് സൈബർ പൊലീസ് നിരീക്ഷിച്ചു തുടങ്ങി. ഈ നമ്പരിലേക്ക് ഒരു ലാബ് പരിശോധനാ റിപ്പോർട്ടിന്റെ മെസേജ് വന്നത് പരിശോധിച്ചപ്പോൾ ഫസലുദ്ദീന്റെ പേര് അതിലുണ്ടായിരുന്നു. പൊലീസ് മലപ്പുറത്തെത്തി പിടികൂടുകയായിരുന്നു. ഒരു സ്വകാര്യ സ്‌കൂളിന്റെ ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു ഫസലുദ്ദീൻ.