റാന്നി : ചെത്തോങ്കര- അത്തിക്കയം റോഡിലെ കക്കുടുമൺ ജംഗ്ഷനിലുള്ള വെയിറ്രിംഗ് ഷെ‌ഡിന് മുൻവശത്ത് ഇന്റർലോക്ക് കട്ട പാകുന്നത് വനംവകുപ്പ് തടഞ്ഞു. റോഡ് വികസനത്തിന്റെ ഭാഗമായാണ് പൊതുമരാമത്ത് വകുപ്പ് കട്ട പാകാൻ തുടങ്ങിയത്. ഇവിടെയെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ നിർമ്മാണം നടത്തണമെങ്കിൽ വനം വകുപ്പിന്റെ അനുമതി വാങ്ങണമെന്ന് അറിയിച്ചു. ഇതോടെ പണിനിറുത്തി. വെയിറ്റിംഗ് ഷെഡ് വനം വകുപ്പിന്റെ സ്ഥലത്താണെങ്കിലും റോഡിനോട് ചേർന്നുള്ള ഭാഗത്താണ് കട്ട സ്ഥാപിക്കാനൊരുങ്ങിയത്.. മഴ പെയ്താൽ ചെളിക്കുണ്ടാകുന്ന അവസ്ഥ ഒഴിവാക്കാനായിരുന്നു ഇത്. ജന പ്രതിനിധികൾ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കട്ടപാകുന്നത് മൂലം വനംവകുപ്പിന് യാതൊരു നഷ്ടവും സംഭവിക്കില്ലെന്നും അനാവശ്യ തർക്കം ഉന്നയിച്ച് പണി തടസപ്പെടുത്തുകയായിരുന്നെന്നും പൊതുപ്രവർത്തകനായ സുരേഷ് പറഞ്ഞു.