വള്ളിക്കോട് : കരിമ്പുകൃഷി വ്യാപകമായ വള്ളിക്കോട് പഞ്ചായത്തിൽ ഇത്തവണ വിറ്റത് പത്ത് ടൺ ശർക്കര. വള്ളിക്കോട് ശർക്കര എന്ന ബ്രാൻഡിൽ വിൽക്കുന്ന ശർക്കരയ്ക്ക് വിപണിയിൽ പ്രിയമേറെയാണ്. 17 ലക്ഷം രൂപയുടെ കച്ചവടമാണ് നടന്നത്. ഒരു കിലോ ശർക്കരയ്ക്ക് 170 രൂപയായിരുന്നു വില. പന്തളം കൃഷി ഫാമിൽ നിന്നെത്തിച്ച മാധുരി ഇനത്തിൽപ്പെട്ട കരിമ്പ് തലക്കവും മറയൂർ കരിമ്പ് ഉല്പാദക സംഘത്തിൽ നിന്നെത്തിച്ച സി.എ 86032 ഇനം തലക്കവുമാണ് കഴിഞ്ഞ തവണ കൃഷി ചെയ്തത്.

പണ്ട് മദ്ധ്യതിരുവിതാംകൂറിലെ കരിമ്പുകൃഷിയുടെ പ്രധാന കേന്ദ്രമായിരുന്നു വള്ളിക്കോട്. പിന്നീട് കൃഷി നിലച്ചു.

ഏതാനും യുവാക്കളുടെ നേതൃത്വത്തിൽ മൂന്ന് വർഷം മുമ്പാണ് കൃഷി പുനരാരംഭിച്ചത്. മായാലിൽ, വാഴമുട്ടം, വാഴമുട്ടം കിഴക്ക് ഭാഗങ്ങളിലാണ് കരിമ്പ് കൃഷിയുള്ളത്. വള്ളിക്കോട് കരിമ്പ് ഉല്പാദക സംഘത്തിന്റെ മായാലിലെ കരിമ്പ് സംസ്കരണ യൂണിറ്റിലാണ് ശർക്കര ഉല്പാദനം. ശുദ്ധമായ നാടൻ ശർക്കരയായതിനാൽ ആവശ്യക്കാർ ഏറെയാണ്. ഒരു കാലത്ത് വള്ളിക്കോടിന്റെ മുഖമുദ്ര യിരുന്നു നെൽകൃഷിയും കരിമ്പ് കൃഷിയും. ഏക്കറ് കണക്കിന് സ്ഥലങ്ങളിൽ വ്യാപിച്ചു കിടന്നിരുന്ന കരിമ്പിൻപാടങ്ങൾ പല ചലച്ചിത്രങ്ങളുടെയും ചിത്രീകരണ സ്ഥലമായിട്ടുണ്ട്. രാവും പകലും പ്രവർത്തിച്ചിരുന്ന 12 ശർക്കര ചക്കുകളാണ് ഒരുകാലത്ത് പഞ്ചായത്തിൽ ഉണ്ടായിരുന്നത്.

ശർക്കരയ്ക്ക് വൻ ഡിമാൻഡ്


കഴിഞ്ഞ വർഷം ആറ് ടണ്ണും അതിന് മുമ്പ് നാല് ടണ്ണുമായിരുന്നു ശർക്കര ഉല്പാദനം. ഇത് വിറ്റുപോയതിന്റെ ആവേശത്തിലാണ് കർഷകർ കൂടുതൽ കൃഷിയിറക്കി ഇത്തവണ കൂടുതൽ ഉല്പാദിപ്പിച്ചത്. ഇതും വിറ്റുപോയതോടെ കൂടുതൽ സ്ഥലത്തേക്ക് കരിമ്പ് കൃഷി വ്യാപിപ്പിക്കാനാണ് കർഷകരുടെ തീരുമാനം. ഓണക്കാലത്ത് പത്ത് ടൺ ശർക്കരയാണ് വിറ്റത്.

--------------------------

" കരിമ്പുകൃഷിക്ക് പഞ്ചായത്തും കൃഷി ഭവനും കർഷകർക്ക് പൂർണ പിന്തുണ നൽകുന്നുണ്ട്. ധനസഹായവും പലിശരഹിത വായ്പയും നൽകിവരുന്നു. കരിമ്പ് കൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിച്ച് ഉല്പാദനം വീണ്ടും വർദ്ധിപ്പിക്കും."

ആർ.മോഹനൻ നായർ (വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)

------------------

ഇത്തവണ വിറ്റത് : 10 ടൺ ശർക്കര

വിറ്റുവരവ് : 17 ലക്ഷം.

കൃഷി നടക്കുന്നത് മായാലിൽ, വാഴമുട്ടം, വാഴമുട്ടം കിഴക്ക് ഭാഗങ്ങളിൽ