തിരുവല്ല : പൊടിയാടിയിലെ സ്ഥലമുടമ എന്ന വ്യാജേന തൊഴിലാളികളെ പുല്ല് ചെത്താൻ നിയോഗിച്ചശേഷം അവരുടെ പണവും മൊബൈലും അടങ്ങിയ ബാഗുകൾ കവർന്നതായി പരാതി . കൊൽക്കത്തയിലെ മണ്ഡൽ സ്വദേശികളായ ഹജാരി മണ്ഡൽ, ഭഗീരത് മണ്ഡൽ എന്നിവരുടെ പണവും മൊബൈലുമാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച നടന്ന തട്ടിപ്പ് സംബന്ധിച്ച് പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പെരിങ്ങരയിൽ വാടകയ്ക്ക് താമസിക്കുന്ന തൊഴിലാളികളെ പുരയിടത്തിൽ ജോലിയുണ്ടെന്ന് പറഞ്ഞ് ജംഗ്ഷനിൽ ബൈക്കിലെത്തിയ രണ്ടു യുവാക്കൾ ഇവരെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പൊടിയാടിയിലെ വിജനമായ പുരയിടത്തിലെത്തിച്ചു വ്യാജ മൊബൈൽ നമ്പറും നൽകി പണികൾ ചെയ്തോളാൻ പറഞ്ഞശേഷം യുവാക്കൾ ബൈക്കിൽ പോയി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ആദ്യത്തെ പണിസ്ഥലത്ത് സൂക്ഷിച്ചിരുന്ന പണം എടുക്കാൻ മടങ്ങിയെത്തിയപ്പോഴാണ് ഇരുവരുടെയും പേഴ്‌സുകളും ബാഗും നഷ്ടപ്പെട്ട വിവരം മനസിലായത്. ഫോൺ നമ്പറിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതിപ്പെട്ടത്.