ksrtc
പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാഡിലെ ഗ്യാരേജിൽ ഇന്നലെ വൈകിട്ടത്തെ മഴയിലെ വള്ളം കയറിയപ്പോൾ

പത്തനംതിട്ട: ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിൽ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഗ്യാരേജിൽ വെള്ളംകയറി. റാമ്പിൽ മുട്ടോളം വെള്ളം നിറഞ്ഞു. യാർഡിൽ നിന്ന് താഴെയാണ് ഗ്യാരേജ്. യാർഡിലെ വെള്ളം ഗ്യാരേജിന് മുന്നിലെ ചെറിയ ഓടയിലേക്കാണ് ഒഴുകുന്നത്. ഓട നിറഞ്ഞ് ഗ്യാരേജിലേക്ക് വെള്ളം മറിയുന്നതിനാൽ ജീവനക്കാർക്ക് ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. മലിനജലം കെട്ടിക്കിടന്ന് ഗ്യാരേജിൽ കൊതുക് പെരുകുന്നതായി ജീവനക്കാർ പറയുന്നു. ഗ്യാരേജ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് വെള്ളം ഒഴുകിപ്പരക്കാൻ കാരണം. ഒന്നുകിൽ ഓടയ്ക്ക് ആഴം കൂട്ടണം. അല്ലെങ്കിൽ ഗ്യാരേജിന്റെ തറനിരപ്പ് ഉയർത്തണമെന്നാണ് ആവശ്യം. പരിഗണിക്കാമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് ജീവനക്കാർ ഒന്നടങ്കം പരാതിപ്പെടുന്നു. മലിനജലം കെട്ടിക്കിടന്ന് രോഗങ്ങൾ പിടിപെടുമെന്ന ആശങ്കയോടെയാണ് ജീവനക്കാർ ജോലി ചെയ്യുന്നത്.