ചെങ്ങന്നൂർ: സംസ്ഥാനത്തിനാവശ്യമായമുഴുവൻ കോഴിക്കുഞ്ഞുങ്ങളെയും ഉത്പാദിപ്പിക്കുന്ന കേന്ദ്രമായി ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയെ മാറ്റാനുള്ള പദ്ധതി നടപ്പാക്കണമെന്ന ആവശ്യമുയരുന്നു.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോഴിക്കുഞ്ഞ്, കോഴിമുട്ട എന്നിവയുടെ ഉത്പാദന കേന്ദ്രമായിരുന്നു ചെങ്ങന്നൂർ ഹാച്ചറി. 1961ൽ സ്ഥാപിതമായ ഹാച്ചറി ചെങ്ങന്നൂരിന്റെ അഭിമാന സ്ഥാപന ങ്ങളിലൊന്നാണ്. ഇതിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള പദ്ധതിയാണ് തേടുന്നത്.ഇതിനായി ഹാച്ചറിയുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് സർക്കാർ പിന്തുണ ആവശ്യമാണ്. ഹാച്ചറിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് സർക്കാരിന് മുന്നിലുണ്ട്. ഇതിന് അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഫീഡ്‌ഫാമിന്റെ നവീകരണം, ഫീഡ് ഫാക്ടറി, ഫീഡ് അനലറ്റിക്കൽ ലാബ്, വർക്ഷോപ്പ് തുടങ്ങിയവ പൂർത്തിയാക്കേണ്ടയുതുണ്ട്. മികച്ച സൗകര്യങ്ങൾ ലഭ്യമാക്കിയാൽ കേരളത്തിൽ ഏറ്റവും കൂടുതൽ കാട, കോഴിക്കുഞ്ഞുങ്ങൾ ഉത്പാദിപ്പിക്കുന്ന ഹാച്ചറിയായി വികസിപ്പിക്കാൻ സാധിക്കും. ഹാച്ചറി നവീകരണത്തോടെ പുതിയ പേരന്റ് സ്റ്റോക്കിനെ കൊണ്ടുവന്ന് കോഴിയുടെയും മുട്ടയുടെയും ഉത്പാദനം കൂട്ടി കോഴികളെ വിരിയിച്ച് കർഷകർക്ക് വളർത്താനായി നൽകാം. ഇതിലൂടെ ഹാച്ചറിയിൽ തൊഴിൽ സാദ്ധ്യത കൂടും. കർഷകരുടെ വരുമാനം വർദ്ധിക്കുകയും ചെയ്യും. ഹാച്ചറിയുടെ പുലിയൂർ ക്യാമ്പസിൽ നിർമ്മിച്ച സ്റ്റാഫ് ക്വാർട്ടേഴ്‌സുകൾ കഴിഞ്ഞ ഒക്ടോബറിൽ ഉദ്ഘാടനം ചെയ്തിരുന്നു . ഇവിടെ നവീകരണം നടത്തിയാൽ അത് നാട്ടുകാർക്കും മറ്റു ജില്ലയിൽ ഉള്ളവർക്കും പ്രയോജനം കിട്ടുമെന്ന് മുട്ട വ്യാപാരിയായ മൻമദൻ പറഞ്ഞു.