കോന്നി: വനംവകുപ്പിന്റെ അടവി- ഗവി -പരുന്തുംപാറ ടൂർ പാക്കേജിന് വിനോദസഞ്ചാരികൾ വർദ്ധിക്കുന്നു. കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ നിന്ന് കൂടുതൽ സഞ്ചാരികളെത്തുന്നുണ്ട്. എല്ലാ ശനി ഞായർ ദിവസങ്ങളിലും സീറ്റുകൾ മുഴുവൻ ബുക്കിംഗ് ആവുകയാണ് . 30 പേരുടെ ബുക്കിംഗ് വരെ ഇപ്പോൾ ഒരുമിച്ച് വരുന്നുണ്ടെങ്കിലും ഇവരെ ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്നില്ല. ഡിസംബർ മുതൽ കൂടുതൽ സർവീസുകൾ നടത്തുവാനാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്.
കോന്നി ആനത്താവളം കേന്ദ്രീകരിച്ചുള്ള ഇക്കോ ടൂറിസം സെന്ററിൽ നിന്ന് മുൻകൂട്ടി ബുക്കിംഗ് നടത്തിയാണ് വിനോദസഞ്ചാരികൾക്കായി എ.സി സൗകര്യമുള്ള പ്രത്യേകം ട്രാവലർ ഒരുക്കിയിട്ടുള്ളത്. രാവിലെ 7.30 ന് ഇവിടെ നിന്ന് യാത്ര തിരിച്ച് അടവിയിൽ കുട്ട വഞ്ചിയാത്രയും നടത്തി തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി, മൂഴിയാർ വഴി ഗവിയിലെത്തിച്ചേരും. സഞ്ചാര പാതയിലെ വനത്തിന്റെ വശ്യതയും, തണുപ്പും ആവോളം ആസ്വദിക്കുന്നതിനും, വന്യമൃഗങ്ങളെ നേരിട്ട് കാണാനും കഴിയും. കോന്നി വന വികാസ ഏജൻസിയുടെ ചുമതലയിൽ രണ്ട് ട്രാവലറുകളാണ് നിലവിലുള്ളത്. രണ്ടാമത്തെ ട്രാവലർ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നവംബറിൽ പുറത്തിറങ്ങും.16 സീറ്റുകൾ സഞ്ചാരികൾക്കായി മാറ്റി വച്ചിട്ടുണ്ട്.
മികച്ച സൗകര്യങ്ങൾ
സഞ്ചാര പാതയിലെ മനോഹര ദൃശ്യങ്ങളും, സ്ഥലങ്ങളും സഞ്ചാരികൾക്ക് പരിചയപ്പെടുത്താൻ ഡ്രൈവറെ കൂടാതെ ഗെയ്ഡിന്റെ സേവനവും വനംവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് നേരത്തെ ഭക്ഷണവും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സീറ്റൊന്നിന് 2200 രൂപ മുൻകൂറായി അടച്ച് ട്രാവലർ ഈ സീസണിൽ ബുക്ക് ചെയ്യാം. മൂഴിയാർ, കക്കി, ആനത്തോട് ഡാമുകളും ഈ യാത്രയിലെ കാഴ്ചവിരുന്നാണ്. ഗവി കൂടാതെ മനോഹര വിരുന്നൊരുക്കുന്ന പരുന്തുംപാറയും കണ്ട് കുട്ടിക്കാനം, മുണ്ടക്കയം, റാന്നി വഴി രാത്രി 7.30 ഓടെ കോന്നിയിൽ എത്തിച്ചേരുന്ന വിധത്തിലാണ് യാത്രക്രമീകരിച്ചിട്ടുള്ളത്.
-----------------------
ടൂർ പാക്കേജിന് വിനോദസഞ്ചാരികൾ വർദ്ധിക്കുന്നു. ഡിസംബർ മുതൽ കൂടുതൽ സർവീസുകൾ നടത്താൻ ലക്ഷ്യമിടുന്നു.
ടി അജികുമാർ ( ഫോറസ്റ്റ് റേഞ്ച് ഓഫീസർ കോന്നി )