മല്ലപ്പള്ളി : കെ.എസ്ആർ.ടി.സി മല്ലപ്പള്ളി ഡിപ്പോയിൽ നിന്നും കോട്ടയം ​ എരുമേലി സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടയം, കറുകച്ചാൽ, മല്ലപ്പള്ളി, വായ്പൂര്, കോട്ടാങ്ങൽ, ചുങ്കപ്പാറ, പൊന്തമ്പുഴ, മുക്കട വഴി എരുമേലിക്ക് കെ.എസ്ആർ.ടി.സിബസ് സർവീസ് നടത്തിയാൽ ഈ ഭാഗങ്ങളിലുള്ളവർക്കും അയപ്പ ഭക്തർക്കും ഏറെ പ്രയോജനമാണ്. കോട്ടയത്തുനിന്ന് വായ്പൂര്,ചുങ്കപ്പാറ വഴി ഉമിക്കുപ്പയ്ക്കും, കോട്ടയം ചുങ്കപ്പാറ വഴി മണ്ണടിശാലയ്ക്ക് രണ്ട് വിതം നാല് ട്രിപ്പ് നടത്തിയിരുന്ന രണ്ട് സ്വകാര്യ ബസുകൾ സർവീസ് നിറുത്തിയിട്ട് ഒരു വർഷം പിന്നിടുന്നു. യാത്രാ ക്ലേശം ഏറെ രൂക്ഷമായ പ്രദേശമായതിനാൽ കെ.എസ്ആർ.ടി.സി ഇതുവഴി സർവീസ് ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഈ റൂട്ടിൽ ഇപ്പോൾ ബസ് സർവീസ് പൂർണ്ണമായും നിലച്ചിരിക്കുകയാണ് താലൂക്കിന്റെ കിഴക്കൻ പ്രദേശത്ത് യാത്രാക്ലേശം പരിഹരിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന ആവശ്യത്തിന് പഴക്കം ഏറെയുണ്ടെങ്കിലും വേണ്ട പരിഗണന നൽകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. മുമ്പ് മല്ലപ്പള്ളി ഡിപ്പോയിൽ നിന്ന് സർവീസുകൾ മണിമലയിലേക്കും അവിടുന്ന് പൊന്തൻപുഴയ്ക്കും നസർവീസ് നടത്തിയിരുന്നെങ്കിലും ഇപ്പോൾ എല്ലാം ചുങ്കപ്പാറയിൽ അവസാനിക്കുകയാണ്. സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന സമയത്താണ് കെ.എസ്ആർ.ടി.സി സർവീസ് ആരംഭിച്ചത്. ഇതോടെ സ്വകാര്യ ബസുകളുടെ സർവീസ് നിലയ്ക്കുകയും കെ.എസ്ആർ.ടി.സി പിൻവാങ്ങുകയും ചെയ്തു.

അടിയന്തര ഇടപെടൽ വേണം

മണ്ഡല കാലത്തോടനുബന്ധിച്ച്‌ കെ.എസ്ആർ.ടി.സി സർവീസ് പുനരാരംഭിച്ചാൽ അയ്യപ്പഭക്തർക്കും, വിദ്യാർത്ഥികൾക്കും, ജീവനക്കാർക്കും , തൊഴിലാളികൾ അടക്കം നൂറുകണക്കിന് യാത്രക്കാർക്ക് ഇത് പ്രയോജനം ചെയ്യും. അധഃസ്ഥിതൻ, അധഃകൃത‌ൻ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

...............................................................

മണ്ഡലകാലം ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുമ്പോൾ കെ.എസ്ആർ.ടി.സി സർവീസ് ആരംഭിച്ചാൽ ഭക്തജനങ്ങളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കണ്ടെത്താൻ കഴിയും.

സുരേന്ദ്രൻ ചുങ്കപ്പാറ
(പ്രദേശവാസി)

.................

സർവീസ് നടത്തിയിരുന്ന 4 സ്വകാര്യ ബസുകൾ നിറുത്തിയിട്ട് 1 വർഷം