
പത്തനംതിട്ട : അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി സെമിനാറുകൾ 28ന് ആരംഭിക്കും. ജില്ലയിലെ കോളേജുകൾ കേന്ദ്രീകരിച്ച് നാല് സെമിനാറുകളും മേളയുടെ ദിവസങ്ങളിൽ മൂന്ന് ഓപ്പൺ ഫോറവുമാണ് സംഘടിപ്പിച്ചിട്ടുള്ളത്. സെമിനാറുകളുടെ ഉദ്ഘാടനം 28ന് റാന്നി സെന്റ് തോമസ് കോളേജിൽ സംഘാടകസമിതി ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ നിർവഹിക്കും. സിനിമ 'കാഴ്ച ദർശനം പ്രതിരോധം' എന്ന വിഷയത്തിൽ സംവിധായകനും എഴുത്തുകാരനുമായ ഡോ.മധു ഇറവങ്കര വിഷയാവതരണം നടത്തും. പ്രിൻസിപ്പൽ ഡോ.സ്‌നേഹ എൽസി ജേക്കബ് അദ്ധ്യക്ഷത വഹിക്കും. ഫെസ്റ്റിവൽ ഡയറക്ടർ രഘുനാഥൻ ഉണ്ണിത്താൻ മോഡറേറ്ററാകും. ഫാ.മാത്യു വാഴക്കുന്നം, ഡോ.വീണ.എസ്, ആർഷ വിനോദ് എന്നിവർ സംസാരിക്കും.
29ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മലയാളം വിഭാഗവുമായി സഹകരിച്ച് നടത്തുന്ന സെമിനാറിൽ കെ.ജി.ജോർജിന്റെ ചലച്ചിത്ര യാത്രകൾ എന്ന വിഷയത്തിൽ സംവിധായകനും എഴുത്തുകാരനുമായ കെ.ബി.വേണു വിഷയാവതരണം നടത്തും. പ്രിൻസിപ്പൽ ഡോ.സിന്ധു ജോൺസൺ അദ്ധ്യക്ഷത വഹിക്കും. ഡോ.എം.എസ്.പോളാണ് മോഡറേറ്റർ, മലയാള വിഭാഗം മേധാവി ഡോ. ബിൻസി.പി.ജെ, സംഘാടകസമിതി ജനറൽ കൺവീനർ എം.എസ്.സുരേഷ്, ഗവേഷകരായ എസ്.കെ.അർജുൻ, ആകാശ്, അഞ്ജിത്ത് എന്നിവർ സംസാരിക്കും. വൈകിട്ട് മൂന്നിന് പത്തനംതിട്ട പ്രസ് ക്ലബ്ബിൽ ഒ.ടി.ടി കാലത്തെ ചലച്ചിത്രമേളകൾ' എന്ന വിഷയത്തിൽ കെ.ബി.വേണു സംസാരിക്കും. ബോബി എബ്രഹാം മോഡറേറ്ററാകും. സംഘാടകസമിതി ഡയറക്ടർ ജി.വിശാഖൻ, സംവിധായകൻ പ്രശാന്ത് മോളിക്കൽ, പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ എന്നിവർ സംസാരിക്കും.
നവംബർ 1ന് കോന്നി എസ്.എൻ.ഡി.പി.യോഗം കോളേജിൽ 'പുതുതലമുറ സിനിമകളും മാറുന്ന കാഴ്ചാശീലങ്ങളും' എന്ന വിഷയത്തിൽ സംവിധായകൻ ആദി ബാലകൃഷ്ണൻ വിഷയ അവതരണം നടത്തും. പ്രിൻസിപ്പൽ ഡോ.കിഷോർ കുമാർ അദ്ധ്യക്ഷത വഹിക്കും. എം.എസ്.സുരേഷാണ് മോഡറേറ്റർ. സംവിധായകൻ ശ്യാം അരവിന്ദം, ഡോ.ഷാജി.എൻ.രാജ്, ആദിത്യൻ.എസ് എന്നിവർ സംസാരിക്കും.
9ന് രാവിലെ 11ന് ടൗൺ ഹാളിൽ 'മലയാള സിനിമയിലെ അനുവർത്തനങ്ങൾ' എന്ന വിഷയത്തിൽ നോവലിസ്റ്റ് രാജീവ് ശിവശങ്കർ വിഷയം അവതരിപ്പിക്കും. ഉണ്ണികൃഷ്ണൻ പൂഴിക്കാടാണ് മോഡറേറ്റർ. ഇന്ദുലേഖ പ്രതികരണം നടത്തും. ഡോ.മോൻസി ജോൺ എഴുതിയ 'ലോക സിനിമ കിനാവിന്റെ മറുപുറം എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. ചിത്ര സി.മേനോൻ, രാജേഷ് ഓമല്ലൂർ എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്ക് 2ന് സിനിമയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ സംവിധായകനും മുതിർന്ന ചലച്ചിത്ര പ്രവർത്തകനുമായ എ.മീരാസാഹിബ് വിഷയാവതരണം നടത്തും. നോവലിസ്റ്റ് ഇ.വി.റജി മോഡറേറ്ററാകും. നിരൂപക ബിനു ജി.തമ്പി പ്രതികരണം നടത്തും. എ.ഗോകലേന്ദ്രൻ, കാശിനാഥൻ എന്നിവർ സംസാരിക്കും.
10ന് രാവിലെ 11ന് സമകാലിക മലയാള സിനിമ എന്ന വിഷയത്തിൽ ചലച്ചിത്ര സംവാദം നടക്കും. വിനോദ് ഇളകൊള്ളൂർ മോഡറേറ്ററാകുന്ന ചടങ്ങിൽ ഡോ.മധു ഇറവങ്കര, ചലച്ചിത്ര നിരൂപകൻ എ.ചന്ദ്രശേഖർ എന്നിവർ സംസാരിക്കും. അഡ്വ. റോയ് തോമസ്, എം.എസ്.വിജയരാജൻ തുടങ്ങിയവർ പ്രസംഗിക്കും.