 
കോന്നി: അറ്റകുറ്റപ്പണികളില്ലാത്ത തണ്ണിത്തോട് അഞ്ചുകുഴി - കുടപ്പനക്കുളം റോഡിൽ യാത്ര ദുഷ്കരം. വനത്തിലൂടെയുള്ള രണ്ടര കിലോമീറ്റർ റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ട് 20 വർഷമായി. കോന്നി, റാന്നി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തണ്ണിത്തോട് - മണിയാർ റോഡിന്റെ ഭാഗമാണിത്. മണിയാർ മുതൽ കുടപ്പനക്കുളം വരെയും തണ്ണിത്തോട് പഞ്ചായത്തിലെ അഞ്ചുകുഴി മുതൽ തുടർന്നുള്ള ഭാഗവും സഞ്ചാരയോഗ്യമാണ്. ഇതിനിടയിലുള്ള ഭാഗമാണ് തകർച്ചയിലായത്. ഇതു കാരണം വനമേഖലയിലെ കട്ടച്ചിറ, കുടപ്പനക്കുളം പ്രദേശവാസികളാണ് യാത്രാസൗകര്യമില്ലാതായി. കോന്നി നിയോജക മണ്ഡലത്തിലെ കട്ടച്ചിറ ചിറ്റാർ വില്ലേജിലും കുടപ്പനക്കുളം തണ്ണിത്തോട് വില്ലേജിലുമാണ്. ഇപ്പോൾ റോഡിൽ വനത്തിലെ മരങ്ങൾ ഒടിഞ്ഞു കിടക്കുന്നതിനാൽ ഗതാഗത തടസവും ഉണ്ട്. കട്ടച്ചിറ കുടപ്പനക്കുളം നിവാസികൾക്ക് താലൂക്ക് ആസ്ഥാനത്തേക്ക് പോകുന്നതിന് തണ്ണിത്തോട് വഴി കോന്നിക്കുള്ള സഞ്ചാര മാർഗം തകർച്ച കാരണം തടസപ്പെടുകയാണ്. കുടപ്പനക്കുളം നിവാസികൾക്ക് തണ്ണിത്തോട് വില്ലേജ് ഓഫീസിൽ എത്തണമെങ്കിൽ കട്ടച്ചിറ വഴി ചിറ്റാർ–തണ്ണിത്തോട് റോഡിലെ നീലിപിലാവിൽ എത്തി ചുറ്റിക്കറങ്ങണം,
ബസ് സർവീസ് നിറുത്തി
തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർക്ക് റാന്നി ഡിവിഷൻ ഓഫീസിലേക്കും വടശേരിക്കര റേഞ്ച് ഓഫീസിലേക്കും പോകുന്നതിന് എളുപ്പ മാർഗമാണിത്. തേക്കുതോട്, തണ്ണിത്തോട് മേഖലകളിൽനിന്ന് കോന്നി വഴി പത്തനംതിട്ടയിൽ പോകാതെ കോട്ടയം, റാന്നി, എരുമേലി, മൂവാറ്റുപുഴ, പാല എന്നീ മേഖലകളിലേക്ക് പോകുന്നതിന് ഇതുവഴി ഏറെ സമയവും ദൂരവും ലാഭിക്കാനാകും. പത്തനംതിട്ടയിൽനിന്ന് മണിയാർ, കുടപ്പനക്കുളം വഴി തണ്ണിത്തോട് മേടപ്പാറയിലേക്ക് ബസ് സർവീസ് ഉണ്ടായിരുന്നതാണ്. റോഡ് തകർച്ചയിലായതോടെ സർവീസ് നിറുത്തി.
...........................
തണ്ണിത്തോട്ടിൽ നിന്നും പുറം ലോകത്തേക്കുള്ള ആദ്യകാല റോഡായ അഞ്ചുകുഴി കുടപ്പനക്കുളം റോഡ് ഗതാഗത യോഗ്യമാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.
സുരേഷ് തേക്കുതോട്
( പ്രദേശവാസി)
.........................
അറ്റകുറ്റപ്പണിയിട്ട് 20 വർഷം