 
റാന്നി: ഇട്ടിയപ്പാറ ടൗണിൽ തെരുവ് നായശല്യം രൂക്ഷമാകുന്നു. ഇട്ടിയപ്പാറ ടൗണും ബസ്സ് സ്റ്റാൻഡ് പരിസരത്തും പത്തോളം തെരുവ് നായ്ക്കളാണ് വിലസുന്നത്. ഇരു ചക്രവാഹന യാത്രികരാണ് ഏറെയും ദുരിതം അനുഭവിക്കുന്നത്. റാന്നി ടൗണിന്റെ പ്രധാന ഭാഗങ്ങളിലാണ് തെരുവുനായ്ക്കൾ തമ്പടിക്കാറുള്ളത്. പകലും രാത്രിയും പ്രദേശത്തു നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നതായി വ്യാപാരികളും പരാതി പറയുന്നുണ്ട്. ടൗണിനോട് ചേർന്നുള്ള ചന്തയിൽ നിന്ന് മീൻവിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് തീറ്റ കിട്ടുന്നതിനാൽ തെരുവുനായ്ക്കൾ പ്രദേശം വിട്ടു പോകുന്നുമില്ല. അധികൃതർ ഇടപെട്ട് ടൗൺ കേന്ദ്രികരിച്ചു തമ്പടിച്ചിരിക്കുന്ന തെരുനായ്ക്കളെ പിടികൂടി ഷെൽട്ടറുകളിലാക്കുകയോ മറ്റെവിടെങ്കിലും മാറ്റുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.