
പത്തനംതിട്ട : നിർമ്മാണം പൂർത്തിയായി ആറ് മാസം കഴിഞ്ഞിട്ടും പത്തനംതിട്ട വനിതാപൊലീസ് സ്റ്റേഷൻ കെട്ടിടം അടഞ്ഞുകിടക്കുകയാണ്. സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചത്.
ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിന് എതിർവശത്ത് 1.48 കോടി ചെലവിൽ വനിത പൊലീസ് സ്റ്റേഷനും ജില്ലാ പൊലീസ് കൺട്രോൾ റൂം കെട്ടിടവും ഒരുപോലെയാണ് നിർമ്മിച്ചത്. 2022 മാർച്ച് 6നു മുഖ്യമന്ത്രി ഓൺലൈനായി ശിലാസ്ഥാപനം നടത്തുകയായിരുന്നു. വനിത സ്റ്റേഷൻ കെട്ടിടത്തിനു സമീപമാണ് ജില്ലാ പൊലീസ് കൺട്രോൾ റൂം ക്രമീകരിച്ചിട്ടുള്ളത്. ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിനു സമീപത്തുള്ള കെട്ടിടത്തിലാണു കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
വനിത പൊലീസ് സ്റ്റേഷൻ
2022 ഏപ്രിൽ 14ന് ജില്ലയ്ക്ക് വിഷുകൈ നീട്ടമായാണ് വനിതാ പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നത്. ജില്ലയിൽ ഒരു വനിത പൊലീസ് സ്റ്റേഷൻ മാത്രമേയുള്ളു. ജില്ല മുഴുവൻ സ്റ്റേഷന്റെ പരിധിയുമാണ്. ലോക്കപ്പ് ഉൾപ്പെടെ എല്ലാ ക്രമീകരണങ്ങളും വനിതാ സ്റ്റേഷനിലുണ്ട്. ജില്ലയിലെ സ്ത്രീകളുടെ പരാതികൾ, സ്ത്രീകൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ എന്നിവ വനിതാ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്നു.
എസ്.പി ഓഫീസിനു സമീപം വെട്ടിപ്രത്ത് ഇപ്പോൾ വാടക കെട്ടിടത്തിലാണു വനിതാ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. വിവിധ കേസുകളിൽ പിടികൂടുന്ന സ്ത്രീകളെ പാർപ്പിക്കാൻ ഇവിടെ സ്ഥലപരിമിതിയുണ്ട്. പുതിയ കെട്ടിടം തുറക്കുന്നതോടെ ഇതിനു പരിഹാരമാകും.
മുഖ്യമന്ത്രി എത്തിയാൽ ഉദ്ഘാടനം
മുഖ്യമന്ത്രിയുടെ സമയം നോക്കി ഉദ്ഘാടനം ക്രമീകരിക്കുന്നതാണ് കെട്ടിട ഉദ്ഘാടനം നീളാൻ കാരണം. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി കെട്ടിട ഉദ്ഘാടനം നിർവഹിക്കണമെന്ന ചിലരുടെ താത്പര്യങ്ങളും ഇതിന് പിന്നിലുണ്ട്.
ചെലവ് : 1.48 കോടിരൂപ
ഉദ്ഘാടനം ഉടൻ നടക്കും. അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്.
പൊലീസ് അധികൃതർ