
തിരുവല്ല : നെടുമ്പ്രം ഗവ.ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ ഒരു കോടി രൂപ അനുവദിച്ച് രണ്ട് വർഷമായിട്ടും നിർമ്മാണ ജോലികൾ തുടങ്ങാനായില്ല. അപര്യാപ്തതകളിൽ വീർപ്പുമുട്ടിയിരുന്ന നെടുമ്പ്രം ഗവ.ഹൈസ്‌കൂളിന് പുതിയ കെട്ടിടത്തിനായി 2023ന്റെ തുടക്കത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പാണ് തുക അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ സ്‌കൂൾ സന്ദർശിച്ച് കെട്ടിട നിർമ്മാണത്തിന് സ്ഥലം കണ്ടെത്തി മണ്ണ് പരിശോധനയും നടത്തി. മൂന്നുനില കെട്ടിടം നിർമ്മിക്കാനുള്ള പദ്ധതിയും തയ്യാറാക്കി. എന്നാൽ തുകയുടെ അപര്യാപ്തത കാരണം ആദ്യത്തെ ഒരുനിലയെങ്കിലും പൂർത്തിയാക്കാനാണ് നീക്കം. ഇതിനായി നിലവിലെ പഴയകെട്ടിടം പൊളിച്ചു നീക്കി. ഇവിടെ എൽ.പി, യു.പി വിഭാഗത്തിലെ നാല് ക്ലാസുകളാണ് പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടം നിർമ്മിക്കാനുള്ള കരാർ നൽകിയിട്ടുണ്ട്. സ്‌കൂളിലെ എൽ.പി, യു.പി.വിഭാഗത്തിന് പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം നടത്തുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. നെടുമ്പ്രം പഞ്ചായത്തിലെ ഏക ഹൈസ്‌കൂളാണിത്. സമീപ പഞ്ചായത്തുകളിലെല്ലാം ഹയർസെക്കൻഡറി സ്‌കൂളുകൾ അനുവദിച്ചെങ്കിലും നെടുമ്പ്രം പഞ്ചായത്തിൽ ഇപ്പോഴും ഹയർസെക്കൻഡറി സ്‌കൂളില്ല. നെടുമ്പ്രം ഗവ.ഹൈസ്‌കൂളിന്റെ സ്ഥലപരിമിതിയും ഹയർസെക്കൻഡറി അനുവദിക്കുന്നതിന് തടസമായി. ഇതുകാരണം ഇവിടെ പഠിക്കുന്ന കുട്ടികൾ ഉന്നതപഠനത്തിന് മറ്റു പഞ്ചായത്തുകളിലാണ് പോകുന്നത്.
സ്ഥലം ഏറ്റെടുക്കാതെ നാല് പതിറ്റാണ്ട്
ഹൈസ്‌കൂൾ പ്രവർത്തിക്കുന്നതിന് സ്ഥലവിസ്തൃതി മൂന്ന് ഏക്കർ വേണമെന്നാണ് സർക്കാർ വ്യവസ്ഥ. എന്നാൽ 1.10 ഏക്കർ സ്ഥലമേ നെടുമ്പ്രം ഗവ.ഹൈസ്‌കൂളിന് സ്വന്തമായുള്ളൂ. സ്‌കൂളിന്റെ പിന്നിലുള്ള സ്ഥലം വിട്ടുനൽകാൻ ഭൂഉടമകൾ സന്നദ്ധത അറിയിച്ചിട്ട് 40 വർഷത്തോളമായി. സ്ഥലം ഏറ്റെടുത്ത് സ്‌കൂൾ വികസിപ്പിക്കാൻ നാട്ടുകാർ സമാഹരിച്ച തുക അക്കാലത്ത് റവന്യു ഡിപ്പോസിറ്റായി തിരുവല്ല സബ്ട്രഷറിയിൽ അടച്ചതായും സ്‌കൂൾ അധികൃതർ പറയുന്നു. എന്നാൽ സർക്കാർതലത്തിൽ തുടർനടപടികൾ ഉണ്ടാകാത്തതിനാൽ ഇപ്പോഴും സ്‌കൂളിന് ആവശ്യമായ സ്ഥലമില്ല. ഇതുകാരണം നല്ല കെട്ടിടങ്ങൾ പണിയാനും സാധിക്കുന്നില്ല. കായിക പരിശീലനത്തിന് കളിസ്ഥലമില്ലാതെ കുട്ടികൾ ബുദ്ധിമുട്ടുകയാണ്. സർക്കാർ കഴിഞ്ഞവർഷം സംഘടിപ്പിച്ച റവന്യു അദാലത്തിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സ്‌കൂൾ പി.ടി.എ നിവേദനം നൽകിയിരുന്നു. മന്ത്രിമാർ പങ്കെടുത്ത അദാലത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശം ഉണ്ടായെങ്കിലും ഇതുവരെയും സ്ഥലം ഏറ്റെടുക്കാൻ സാധിച്ചിട്ടില്ല.