ചെങ്ങന്നൂർ: പശ്ചാത്തല സൗകര്യങ്ങളെല്ലാം സുസജ്ജമാക്കി ഏറ്റവും സുഗമവും കുറ്റമറ്റതുമായ ശബരിമല തീർത്ഥാടനം ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ ഹാളിൽ കൂടിയ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമല തീർത്ഥാടകരിൽ ഒരാൾക്കുപോലും ഒരുവിധത്തിലുള്ള വിഷമവും ഉണ്ടാക്കരുത്. ഇക്കാര്യത്തിൽ എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും ശ്രദ്ധിക്കണം. ജലസേചനവകുപ്പിനെ കുറിച്ചാണ് ഏറ്റവുമധികം വിമർശനം നേരിടുന്നത്. വകുപ്പിലെ ഉദ്യോഗസ്ഥർ ഫണ്ടിന്റെ അപര്യാപ്തതയാണ് പല കാര്യങ്ങൾക്കും തടസമായി പറയുന്നത്. അതിന് പരിഹാരമുണ്ടാക്കിയിട്ടുണ്ട്.എസ്റ്റിമേറ്റ് പ്രകാരം വകുപ്പിന് ആവശ്യമായ ഫണ്ട് ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര നടപടികളുമായി മുന്നോട്ടുപോകണം. തീർത്ഥാടകർക്ക് പാറക്കടവിലും ആറാട്ടുക്കടവിലും വേണ്ട അടിസ്ഥാനസൗകര്യങ്ങൾ സജ്ജമാക്കണം. കഴിഞ്ഞ വർഷം ഉണ്ടായ മുങ്ങിമരണം പോലെയുള്ള ദാരുണസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി സജി ചെറിയാൻ, എൽ.എസ്.ജി.ഡി സ്‌പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ,
നഗരസഭ ചെയർപേഴ്സൺ ശോഭ വർഗീസ്, ആർ.ഡി.ഒ മോബി.ജെ, ഡിവൈ.എസ്.പി ബിനുകുമാർ, റെയിൽവെ ഡെപ്യൂട്ടി സ്റ്റേഷൻമാസ്റ്റർ സുനിൽകുമാർ,ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ മനുകൃഷ്ണൻ,
കേരള വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ്, ഹെൽത്ത്, ശുചിത്വമിഷൻ, എക്‌സൈസ്, സിവിൽ സ്‌പ്ലൈസ്, ഫയർഫോഴ്സ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഫണ്ട് വർദ്ധിപ്പിക്കാൻ നടപടി
മുന്നൊരുക്കങ്ങൾക്കായുള്ള ഫണ്ട് വർദ്ധിപ്പിക്കണമെന്ന നഗരസഭയുടെ ആവശ്യം ന്യായമാണെന്ന് മന്ത്രി പറഞ്ഞു. അതിനായി അപേക്ഷ സർക്കാരിന് സമയബന്ധിതമായി നൽകിയാൽ മതിയാകും. ചെങ്ങന്നൂരിൽ നിന്നുള്ള ഒാട്ടോകൾക്കും ടാക്സികൾക്കും പമ്പവരെ സർവീസ് നടത്താനുള്ള അനുവാദം കൊടുക്കാൻ നിവൃത്തിയില്ല. തിരക്ക് നിയന്ത്രിക്കാനായാണ് വാഹനസർവീസ് നിലയ്ക്കൽ വരെയായി ക്രമീകരിച്ചിട്ടുള്ളത്. ഇതിനോട് സഹകരിച്ചേ പറ്റൂ.
ശബരിമലയിൽ റോപ് വേ ഉറപ്പാക്കാൻ ധൃതഗതിയിൽ കാര്യങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.