മാന്നാർ : സാധാരണക്കാരുടെ പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗമെന്നും അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കാൻ ശാഖകളും യൂണിയനും ശ്രമിക്കണമെന്നും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു. മാന്നാർ യൂണിയന്റെ ആസ്ഥാന മന്ദിരം നിർമ്മാണ ഫണ്ടിലേക്ക് യൂണിയൻ വനിതാസംഘം ആവിഷ്കരിച്ച് നടപ്പാക്കിയ ഭാഗ്യശ്രീ സമ്മാന പദ്ധതിയിലൂടെ സമാഹരിച്ച 27 ലക്ഷം രൂപ കൈമാറുന്ന ചടങ്ങിന്റെ ഭദ്രദീപ പ്രകാശനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രീതി നടേശൻ. ഏറെ പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോഴും സ്വന്തമായി ആസ്ഥാന മന്ദിരമെന്ന സ്വപ്ന സാക്ഷാത്കാരത്തിന് കരുതലോടെ പ്രവർത്തിച്ച മാന്നാർ യൂണിയനെയും യൂണിയൻ വനിതാ സംഘത്തെയും പ്രീതി നടേശൻ അഭിനന്ദിച്ചു.