aromal
ആരോമൽ, ഹരികൃഷ്ണൻ പിള്ള, പ്രദീഷ്

പത്തനംതിട്ട: നഗരമദ്ധ്യത്തിലെ വിദ്യാർത്ഥി സംഘർഷംതടയാനെത്തിയ എസ്.ഐയ്ക്കും നാല് പൊലീസുകാർക്കും പരിക്കേറ്റ സംഭവത്തിൽ പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മുൻ എസ്.എഫ്.ഐ പ്രവർത്തകരായ പ്രമാടം കീഴേത്ത് വീട്ടിൽ ആരോമൽ (23), താഴേടത്ത് വീട്ടിൽ പ്രദീഷ് (22), മല്ലശേരി മറൂർ കൃഷ്ണ വിലാസം ഹരികൃഷ്ണപിള്ള (23) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തുക, ആക്രമിച്ച് ദേഹോപദ്രവം ഏൽപ്പിക്കുക, യൂണിഫോം വലിച്ചുകീറുക, അസഭ്യ വർഷം നടത്തുക പൊലീസ് സ്റ്റേഷനിലെത്തി ബഹളം വയ്ക്കുക തുടങ്ങിയയാണ് കുറ്റം.

24ന് രാത്രി ഏഴിനാണ് സംഭവം. കാതോലിക്കേറ്റ് കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥികളുടെ സ്ഥാനാരോഹണ ചടങ്ങിനിടെ പെൺകുട്ടികളെ പുറത്തുന്നിന്നെത്തിയ ഇവർ കമന്റടിച്ചെന്ന ആരോപണമാണ് സംഘർഷത്തിൽ കലാശിച്ചത്. ടൗണിൽ മിനി സിവിൽ സ്‌റ്റേഷന് മുന്നിൽ എസ്.എഫ്.ഐ കെട്ടിയിരുന്ന പന്തൽ പ്രതികൾ അഴിക്കുന്നതിനിടെ കോളേജിൽ നിന്നെത്തിയ വിദ്യാർത്ഥികൾ ഇവരുമായി സംഘട്ടനമുണ്ടായി. പൊലീസ് എത്തുന്നതുകണ്ട് കോളേജ് വിദ്യാർത്ഥികളായ നാലുപേർ ഓടിരക്ഷപ്പെട്ടു. മദ്യലഹരിയിലായിരുന്ന പ്രതികളെ ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണത്തിൽ എസ്.ഐ ജിനുവിന്റെ ഇടതു കൈമുട്ടിന് പരിക്കേറ്റത്. പ്രതികളുടെ ആക്രമണത്തിൽ ആഷർ മാത്യു, ശ്രീകാന്ത്, സുമൻ സോമരാജ് എന്നീ പൊലീസുകാർക്കാണ് പരിക്കേറ്റത്.