 
പന്തളം: ശബരിമലയിൽ ദർശനത്തിനെത്തുന്ന എല്ലാവർക്കും സുഖദർശനത്തിന് ക്രമീകരണമായതായി മന്ത്രി വി.എൻ. വാസവൻ. വലിയ കോയിക്കൽ ക്ഷേത്രത്തിൽ നടന്ന തീർത്ഥാടന അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാനനപാതയിൽ പ്രാഥമികസൗകര്യവും ശുദ്ധജല വിതരണവും കുറ്റമറ്റരീതിയിൽ നടപ്പാക്കും. 100 ഡോക്ടർമാർ സൗജന്യ സേവനത്തിനു സന്നദ്ധത അറിയിച്ചിട്ടുണ്ട്. പദ്ധതികളെല്ലാം ഇ ടെൻഡർ മുഖേനയാണ് നടപ്പാക്കുന്നത്. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഡിജിറ്റലൈസേഷൻ നടപടികളും പുരോഗമിക്കുകയാണ്. ചുറ്റമ്പലത്തിന്റെ നവീകരണവും ഗസ്റ്റ് ഹൗസിന്റെ അറ്റകുറ്റപ്പണികളും സമയബന്ധിതമായി നടപ്പാക്കുകയാണ്. റോപ് വേ സംവിധാനമൊരുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. വിപുലമായ പാർക്കിങ് സൗകര്യം ഇത്തവണയൊരുക്കും. ആരോഗ്യപരിപാലനത്തിനു നൂതനസംവിധാനങ്ങൾ തേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ, കളക്ടർ എസ്.പ്രേം കൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, സബ് കളക്ടർ സുമിത് കുമാർ താക്കൂർ, നഗരസഭാ അദ്ധ്യക്ഷ സുശീല സന്തോഷ്, ദേവസ്വം ബോർഡ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ, പന്തളം കൊട്ടാരം നിർവാഹസകസംഘം പ്രസിഡന്റ് എൻ.ശങ്കർ വർമ, ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷനർ എൻ.ശ്രീധരശർമ്മ, ഉപദേശകസമിതി പ്രസിഡന്റ് വിനു നരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.