ss

പത്തനംതിട്ട : സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുക്കാൻ ജില്ലയിൽ നിന്ന് 958 കായികപ്രതിഭകൾ. ഗെയിംസിൽ 638 വിദ്യാർത്ഥികളും അത്ലറ്റിക്സിൽ 320 പേരും പങ്കെടുക്കും. 11 ഉപജില്ലകളിൽ നിന്നാണ് വിദ്യാർത്ഥികൾ മത്സരത്തിനായി തയ്യാറാകുന്നത്. പുല്ലാട് ഉപജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേ‌ർ. ജില്ലാ കായികമേളയിൽ 231 പോയിന്റുമായി മുന്നിലെത്തിയ പുല്ലാട് ഉപജില്ല 28 സ്വർണവും 20 വെള്ളിയും 11 വെങ്കലവുമായാണ് കിരീടം നേടിയത്. പത്തനംതിട്ട, റാന്നി, അടൂർ, തിരുവല്ല, ആറൻമുള, കോന്നി, മല്ലപ്പള്ളി, വെണ്ണിക്കുളം, പന്തളം, കോഴഞ്ചേരി എന്നിവയാണ് മറ്റ് ഉപജില്ലകൾ. നിരവധി പ്രശ്നങ്ങളെ അതിജീവിച്ചാണ് ജില്ലയിലെ കായിക താരങ്ങൾ സംസ്ഥാന കായികമേളയിലേക്ക് എത്തുന്നത്. കൃത്യമായ പരിശീലനമോ മറ്റ് സൗകര്യങ്ങളോ ലഭിക്കാതെ പിന്തിരിയുന്ന പ്രതിഭകളും നിരവധിയാണ്. നവംബർ ഏഴ് മുതൽ 11 വരെ എറണാകുളത്താണ് കായിക മേള നടക്കുന്നത്.

ശാസ്ത്രീയ പരിശീലനമില്ല

ശാസ്ത്രീയമായ പരിശീലനത്തിന്റെ അഭാവം ജില്ലയിലെ കായിക പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്. പരിശീലകരിൽ പലരും ശാസ്ത്രീയ പരിശീലനം നേടിയവരല്ല. ഇത് വിദ്യാർത്ഥികളുടെ കായിക ക്ഷമത കുറയ്ക്കാൻ ഇടയാക്കുന്നുണ്ട്. പരിശീലനത്തിന് ആവശ്യമായ സാധനങ്ങൾ പോലുമില്ല. ചുട്ടുപഴുത്ത സിന്തറ്റിക്ക് ട്രാക്കിൽ സ്പൈക്കില്ലാതെ ഓടുന്ന വിദ്യാർത്ഥികളുടെ കാലിലെ തൊലി പൊള്ളി ഇളകുകയാണ്. ഇത് പിന്നീട് പഴുത്ത് വ്രണമാകും. സംസ്ഥാന കായികമേളയിൽ പങ്കെടുക്കാൻ കഴിയാത്ത വിധം ആരോഗ്യ സ്ഥിതി മോശമാകുകയും ചെയ്യും . ഇത്തരത്തിൽ മത്സരത്തിനിറക്കുന്നത്

പോഷകാഹാരമില്ല

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി കുട്ടികൾ കായിക മേഖലയിലുണ്ട്. കൃത്യമായ പോഷകാഹാരങ്ങളടങ്ങിയ ഭക്ഷണം എല്ലാ കുട്ടികൾക്കും ലഭിക്കുന്നില്ല. ഇക്കാരണത്തിൽ കുട്ടികൾക്ക് കായിക ക്ഷമത നിലനിറുത്താൻ സാധിക്കില്ല. ഇത്രയധികം കുട്ടികളെ ഏറ്റെടുത്ത് മറ്റ് സൗകര്യങ്ങൾ നൽകുന്നതെല്ലാം കായിക അദ്ധ്യാപകരാണ്. എന്നാൽ എല്ലാ കുട്ടികൾക്കും ഇത്തരത്തിൽ അവസരം ലഭിക്കുന്നുമില്ല.

മത്സരത്തിൽ പങ്കെടുക്കുന്നവർ

ഗെയിംസ് : 638

അത്ലറ്റിക്സ് : 320

ആകെ : 958

ഇൻക്ലുസീവ് (ഭിന്നശേഷി ) സ്പോർട്സ് 130