
ഇലവുംതിട്ട : അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തിയ രാമൻചിറ നവീകരണം ശിലാഫലകത്തിലൊതുങ്ങി. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് ചിറവരമ്പ് കെട്ടൽ എന്ന പേരിൽ കരിങ്കല്ലുകൾ ചിറയരികിൽ കൂട്ടിയിട്ടതല്ലാതെ ഒരു പണിയും നടന്നില്ല. ചിറയിൽ വീണ്ടും ആഫ്രിക്കൻ പായൽ നിറഞ്ഞു. വരമ്പുകളിൽ കാട് വളരുന്നു. മിനി ഇക്കോ ടൂറിസം പദ്ധതി മുന്നിൽക്കണ്ട് ചിറയുടെ തെക്ക് വശമുള്ള റോഡ് നവീകരിച്ചിരുന്നു. റോഡ് വക്കിൽ ചെടിച്ചട്ടികളും വിളക്കുകളും ഒരുക്കി. ഇതിന് ശേഷമാണ് ചിറയുടെ പടിഞ്ഞാറും വടക്കും വശങ്ങൾ കരിങ്കൽ കെട്ട് നവീകരിക്കാൻ പ്രധാനമന്ത്രി അമൃത് സരോവരം പദ്ധതിയിൽ ഉൾപ്പെടുത്തിയത്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിച്ച് കുളനട പഞ്ചായത്താണ് പണി പൂർത്തിയാക്കേണ്ടത്. ഒരു വർഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞു നാമമാത്ര പണിയിലൊതുങ്ങി നവീകരണം.
അമ്പലക്കടവ് പുഞ്ചപ്പാടത്ത് നെൽകൃഷിക്ക് വെള്ളമെത്തിക്കാൻ നൂറ്റാണ്ടിന് മുമ്പ് നീരുറവകൾ കണ്ടെത്തി കർഷകർ അഞ്ച് ഏക്കറിലായി വെട്ടിയുണ്ടാക്കിയതാണ് ഈ ചിറ. ഇതിൽ വെള്ളം വറ്റിയ കാലമുണ്ടായിട്ടില്ല. വേനൽക്കാലത്ത് ചിറ വരമ്പ് മുറിച്ച് ഈന്താറ്റുപാറ ആഞ്ഞിലിക്കാപ്പുഴ തോട്ടിലൂടെ പുഞ്ചപ്പാടത്ത് വെള്ളമെത്തിച്ച് നെൽകൃഷി സമൃദ്ധമാക്കിയിരുന്നു. വരമ്പ് മുറിക്കൽ മീൻ പിടിക്കൽ ഉത്സവം കൂടിയായിരുന്നു. അക്കാലത്ത് കുളിക്കാനും തുണി കഴുകാനും കന്നുകാലികളെ കുളിപ്പിക്കാനും ആളുകൾ ചിറയെ ആശ്രയിച്ചിരുന്നു. ചരക്കുകളുമായി കായംകുളത്ത് പോയി വരുന്ന കാളവണ്ടി യാത്രക്കാരും ഇവിടം ഇടത്താവളമായി ഉപയോഗിച്ചിരുന്നു.
സാദ്ധ്യതയെറെയുള്ള പദ്ധതി
മൂന്ന് വർഷം കുളനട പഞ്ചായത്തും ഫിഷറീസ് വകുപ്പും ഇവിടെ മാതൃകാ മത്സ്യകൃഷി നടത്തിയതാണ്. അതിനാൽ മത്സ്യ കൃഷിയും കുട്ട വഞ്ചി തുഴയലും സംയോജിപ്പിക്കാവുന്നതാണ്. മിനി പാർക്കും
ഒരുക്കാം. ഇലവുംതിട്ട ജംഗ്ഷൻ തൊട്ടടുത്തായതിനാൽ ചിറയെ ബൃഹത് പദ്ധതിയിലൂടെ നവീകരിച്ചൽ നാടിന് വലിയ നേട്ടം ഉണ്ടാകും.
ചെലവ് 29 ലക്ഷം
ചിറ 5 ഏക്കറിൽ