പരുമല: സംഗീതത്തിന്റെ വിശുദ്ധി ആത്മീയതയെ ശക്തിപ്പെടുത്തുമെന്ന് സെറാംപൂർ സർവകലാശാല പ്രസിഡന്റ് ഡോ. സഖറിയാസ് മാർ അപ്രേം പറഞ്ഞു.പരുമല പെരുന്നാളിനോട് അനുബന്ധിച്ച് ഓർത്തഡോക്‌സ് സെമിനാരിശ്രുതി സ്‌കൂൾ ഒഫ് ലിറ്റർജിക്കൽ മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അഖില മലങ്കര ഗായക സംഘം സംഗമം 'സ്മർ ശുബ്‌ഹോ 24' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓർത്തഡോക്‌സ് സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ ജോൺ തോമസ് കരിങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സംഗീതം പകരുന്ന ആത്മീയ ദർശനം ദൈവത്തോടുള്ള ബന്ധം ആഴമാക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നുവെന്ന് ഗായകൻ ഡോ.ജാസി ഗിഫ്റ്റ് പറഞ്ഞു. പരുമല പെരുന്നാൾ ഗായക സംഘം സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജാതിഭേദമെന്യേ ഏവരെയും ഒന്നിപ്പിച്ചു നിറുത്തുവാൻ കഴിയുന്ന ദൈവിക കലയാണ് സംഗീതമെന്നും അദ്ദേഹം പറഞ്ഞു. സുറിയാനി സംഗീതത്തിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ശ്രുതി സ്‌കൂൾ ഒഫ് ലിറ്റർജിക്കൽ മ്യൂസിക്ക് മുൻ ഡയറക്ടർ ഡോ. എം.പി. ജോർജ് കോർ എപ്പിസ്‌കോപ്പായ്ക്ക് കോരുതു മല്പാൻ അവാർഡ് നൽകി ഡോ. സഖറിയാസ് മാർ അപ്രേം ആദരിച്ചു. 25000 രൂപയും ശില്പവുമായിരുന്നു അവാർഡ്.ഡോ. എം.പി. ജോർജ് കോർ എപ്പിസ്‌കോപ്പാ, ജോസ് ശങ്കൂരിക്കൽ, ജനറൽ കൺവീനർ ഫാ. വർഗീസ് ജോർജ്, ഫാ.അനൂപ് രാജു എന്നിവർ പ്രസംഗിച്ചു.രാവിലെ പരുമല പള്ളിയിൽ നടന്ന കുർബാനയ്ക്ക് ആയിരത്തിലധികം ഗായകസംഘാംഗങ്ങൾ നേതൃത്വം നൽകി.