തിരുവല്ല : കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികൾ കാരണം മുടങ്ങി കിടന്നിരുന്ന വരട്ടാർ പാലം – ഇരവിപേരൂർ കല്ലിശേരി റോഡിന്റെ നിർമ്മാണത്തിന് 4.81 കോടി രൂപയ്ക്ക് പുതുക്കിയ സാങ്കേതികാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം. എൽ.എ അറിയിച്ചു. 2021 -22 ലെ ശബരിമല സ്പെഷ്യൽ പാക്കേജിൽ ഉൾപ്പെടുത്തി എം.സി റോഡിലെ ആറാട്ടുകടവിൽ നിന്ന് തുടങ്ങി ഇരവിപേരൂർ കല്ലിശേരി റോഡിലെ ഓതറ ജംഗഷൻ വരെയുള്ള ഭാഗത്തെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് 5 കോടി രൂപ അനുവദിച്ച് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി മൂന്ന് കലുങ്കുകളുടെയും 200 മീറ്ററോളം സംരക്ഷണഭിത്തിയുടെയും നിർമ്മാണം പൂർത്തീകരിച്ചു. എന്നാൽ ജലജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടിൽ കാരണം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങുകയും സമയബന്ധിതമായി പൂർത്തീകരിക്കുവാൻ സാധിക്കാത്ത സാഹചര്യമുണ്ടായതിനാൽ റോഡ് നിർമ്മാണത്തിന് കരാറ് ഏറ്റെടുത്തയാൾ ഇതിൽ നിന്ന് പിന്മാറി. കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചപ്പോൾ റോഡിന് ഉണ്ടായ കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള അധിക തുക കൂടി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണത്തിന് ഇപ്പോൾ പുതുക്കിയ സാങ്കേതികാനുമതി നൽകിയിട്ടുള്ളത്. ശേഷിക്കുന്ന പ്രവൃത്തികൾക്ക് സാങ്കേതികാനുമതി ലഭ്യമായ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ടെണ്ടർ ചെയ്യുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.