പന്തളം: കൃഷിഭവൻ പരിധിയിലുള്ള മൂന്നുകുറ്റി പാടശേഖര വികസനത്തിന് ചെറുകിട ജലസേചന പദ്ധതിക്ക് ഭരണാനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. 2023-24ലെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 25.2ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പന്തളം തോന്നല്ലൂർ കൃഷിഭവൻ പരിധിയിൽ പെടുന്ന മൂന്ന്കുറ്റി പാടശേഖരത്തിൽ ഏകദേശം 20 ഹെക്ടർ സ്ഥലത്ത് കഴിഞ്ഞ മൂന്നുവർഷമായി നെൽകൃഷി ചെയ്തുവരുന്നു. എന്നാൽ ആവശ്യമായ വാട്ടറിംഗ് ഡീവാട്ടറിംഗ് സംവിധാനം ഇല്ലാത്തതിനാൽ ഈ പാടശേഖരം പൂർണമായും ഉപയോഗിക്കുവാൻ കർഷകർക്ക് കഴിയുമായിരുന്നില്ല. ഡീവാട്ടറിംഗ് സംവിധാനം ഇല്ലാത്തതിനാൽ കൃഷി തുടങ്ങുവാൻ ഏറെ വൈകിയിരുന്നു. കൃഷി തുടങ്ങിയാൽ തന്നെ വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിക്കാത്തത് കർഷകർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിച്ചിരുന്നു. നിലവിലെ ഈ പ്രോജക്ടിലൂടെ 10 എച്ച്.പിയുടെ രണ്ട് മോട്ടറുകളും ട്രാൻസ്‌ഫോർമർ അടക്കമുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ പാടശേഖരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുവാൻ സാധിക്കും. പ്രോജക്ട് നിലവിൽ വരുമ്പോൾ പാടശേഖരത്ത് രണ്ടുപ്രാവശ്യം നെൽകൃഷി വിജയകരമായി നടത്തുവാൻ കഴിയുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു