road-1
നന്നാട് വരട്ടാറിന് കുറുകെയുള്ള പുത്തൻതോട് പാലം അപ്പ്രോച്ച് റോഡ് പൂർത്തീകരിക്കാത്ത നിലയിൽ

ചെങ്ങന്നൂർ : കരാറുകാരനുമായുള്ള പ്രശ്‌നത്തിൽ കുടുങ്ങി തിരുവൻവണ്ടൂർ നന്നാട് വരട്ടാർപ്പാല ( പുത്തൻ തോട് പാലം) ത്തിന്റെ അനുബന്ധ റോഡ് നിർമ്മാണം അനിശ്ചിതത്വത്തിൽ. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 5.5 കോടി ചെലവഴിച്ചാണ് റോഡ് നിർമ്മിക്കുന്നത്. 2021 ഡിസംബർ 13നാണ് പഴയപാലം പൊളിച്ചത്. തിരുവൻവണ്ടൂർ ഹൈസ്‌കൂൾ ജംഗ്ഷനിൽ നിന്ന് തുടങ്ങി നന്നാട് ഈരടിച്ചിറ വരെ രണ്ടര കിലോമീറ്റർ ദൂരം വരുന്ന റോഡിൽ രണ്ട് പാലങ്ങളും ഒരു കലിങ്കുമാണ് വരുന്നത്. ഇതിൽ ഒരു പാലവും കലുങ്കിന്റെയും നിർമ്മാണവും റോഡ് ടാറിംഗും പൂർത്തിയായി.എന്നാൽ ഏറ്റവും പ്രധാനപ്പെട്ട വരട്ടാറിന് കുറുകെയുള്ള പുത്തൻതോട് പാലത്തിന്റെ നിർമ്മാണം എങ്ങുമെത്താത്തതാണ് പ്രദേശവാസികളെ ഏറെ ദുരിതത്തിലാക്കിയിരിക്കുന്നത്. വരട്ടാറിന് കുറുകെ നിർമ്മിച്ച താത്കാലിക പാലം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതോടെ യാത്രാദുരിതം ഇരട്ടിയാണ്.

ഇനിയും പൂർത്തീകരിക്കാൻ

പാലത്തിന്റെ സമാന്തര റോഡ്, നാല് വശത്തെ സംരക്ഷണഭിത്തി എന്നിവയും അപ്രോച്ച് റോഡ്മണ്ണ് നിറച്ച് ഉറപ്പിച്ചതിനു ശേഷം ടാറിംഗ് ജോലികളും ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട്. കൂടാതെ റോഡിന്റെ കിഴക്കുഭാഗത്തു കൂടി പുഴയിലേക്ക് അവസാനിക്കുന്ന ഓടയുടെ നിർമ്മാണവും പൂർത്തിയായിട്ടില്ല. ഇത്രയും ജോലികൾ ബാക്കി തീർക്കേണ്ടതുണ്ട്. ഇപ്പോൾ ചെറിയ വാഹനങ്ങൾ പോകത്തക്കവിധത്തിൽ ഒരുവശം മണ്ണിട്ട് ഉയർത്തി ആ വഴിയിലൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ഇതിനിടയിൽ പാലത്തിന്റെ പണി എത്രയും വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

.....................................

നാട്ടുകാർക്ക് യാത്രാ ദുരിതം ഏറെയാണ്. സംരക്ഷണഭിത്തി കെട്ടി പാലത്തിന്റെ സമാന്തര റോഡ് മണ്ണ് നിറച്ച് ടാറിംഗ് എത്രയും പെട്ടെന്ന് പൂർത്തിയാക്കണം.

പ്രശോബ് തിരുവൻവണ്ടൂർ

(നാട്ടുകാരൻ)​

.......................................

നിർമ്മാണച്ചെലവ് 5.5 കോടി

രണ്ടര കി.മീറ്റർ ദൂരം

2 പാലം,​ ഒരു കലുങ്ക്