manthuka
മാന്തുക രണ്ടാം വാർഡിൽ തേരകത്തിനാൽ സന്തോഷ് വർഗീസിന്റെ കപ്പകൃഷി കാട്ടുപന്നി നശിപ്പിച്ച നിലയിൽ

കുളനട: ഗ്രാമപഞ്ചായത്തിലെ പനങ്ങാട്, കൈപ്പുഴ, ഉള്ളന്നൂർ വാർഡുകൾക്കു പിന്നാലെ മാന്തുകയിലും കാട്ടുപന്നിശല്യം രൂക്ഷമാകുന്നു. മാന്തുക രണ്ടാം വാർഡിൽ തേരകത്തിനാൽ സന്തോഷ് വർഗീസിന്റെ കൃഷിയിടത്തിലാണ് കൂട്ടമായി പന്നികളെത്തി കൃഷിവിളകൾ നശിപ്പിച്ചത്. വിളവെടുക്കാറായ നൂറുമൂട് കപ്പ, ചേമ്പ്, ചേന എന്നിവ കുത്തിയിളക്കി നശിപ്പിച്ചു. നൂറു മൂട് കപ്പയിൽ ഏതാനും എണ്ണമൊഴിച്ച് ബാക്കിയെല്ലും കുത്തിയിളക്കി. പന്നിക്കൂട്ടമെത്തിയ വിവരം ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അറിയിച്ചിട്ടും ഇവർ തിരിഞ്ഞുനോക്കിയില്ലെന്ന് സന്തോഷ് പറഞ്ഞു. പ്രദേശത്ത് കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങൾ താവളമാക്കുന്ന പന്നിക്കൂട്ടം രാത്രിയോടെയാണ് കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. ഇവ കൃഷിയിടങ്ങൾ മാത്രമല്ല വീടുകളുടെ ചുറ്റുമുള്ള മണ്ണ് കുത്തിയിളക്കി നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇക്കാരണത്താൽ സന്ധ്യയ്ക്കുശേഷം ആളുകൾ പുറത്തിറങ്ങാനും ഭയക്കുകയാണ്.
കൃഷി ചെയ്യാതെ കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങളിലെ കാട് വെട്ടിത്തെളിക്കുന്നതിനും ആക്രമണ കാരികളായ പന്നികളെ വെടിവച്ച് കൊല്ലുന്നതിനും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി അടിയന്തിര നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.