പത്തനംതിട്ട : കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ സെക്യൂരിറ്റിയെ മർദ്ദിച്ച് യാത്രക്കാരൻ. മാനന്തവാടി- പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത തൃശ്ശൂർ സ്വദേശിയായ ജിയോ പോൾ (37) ആണ് സെക്യൂരിറ്റി പ്രകാശനെ ആക്രമിച്ചത്. അദ്ദേഹത്തിന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 1.30നായിരുന്നു സംഭവം. മാനന്തവാടിയിൽ നിന്ന് പത്തനംതിട്ടയിലെത്തിയ ബസിലെ ആളുകളെല്ലാം ഇറങ്ങിയിട്ടും ജിയോ ഇറങ്ങാൻ കൂട്ടാക്കിയിരുന്നില്ല. മദ്യപിച്ച് കിടന്നിരുന്ന ഇയാളെ കണ്ടക്ടർ ബസിൽ നിന്നിറങ്ങാൻ നിർബന്ധിച്ചിട്ടും വിസമ്മതിച്ചു. തു‌‌ടർന്ന് കണ്ടക്ടർ പിടിച്ചിറക്കി. സ്റ്റാൻഡിലെ ലോട്ടറി കടയ്ക്ക് സമീപം നിൽക്കുമ്പോൾ സെക്യൂരിറ്റിയുമായി വാക്ക് തർക്കമുണ്ടാകുകയും അദ്ദേഹത്തെ ആക്രമിച്ച് താഴെയിടുകയുമായിരുന്നു. പത്തനംതിട്ട പൊലീസ് കേസെടുത്തെങ്കിലും ഇയാളെ ജാമ്യത്തിൽ വിട്ടു.