തിരുവല്ല : ജനറേറ്ററിന് തീ പിടിച്ചതിനെ തുടർന്ന് പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറേറ്റർ റൂം പൂർണ്ണമായും കത്തി നശിച്ചു. ആശുപത്രി കെട്ടിടത്തിന് പിൻവശത്തായി പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റിന് സമീപമുള്ള ജനറേറ്റർ റൂമിനാണ് തീപിടിച്ചത്. വൈദ്യുതി ബന്ധം നിലച്ചതിനെ തുടർന്ന് ആശുപത്രിയിലെ വിവിധ ബ്ലോക്കുകളിലെ മൂന്ന് ലിഫ്റ്റുകളിൽ രോഗികൾ അടക്കമുള്ളവർ കുടുങ്ങി. ജനറേറ്റർ റൂമിൽ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാർ തീപിടിത്തം ഉണ്ടായതിന് പിന്നാലെ റൂമിൽ നിന്നും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. വെള്ളിയാഴ്ച രാത്രി പെയ്ത കനത്തമഴയെ തുടർന്ന് ആശുപത്രിയിലേക്കുള്ള കെ.എസ്ഇ.ബി ലൈനിൽ രാത്രിയോടെ സംഭവിച്ച തകരാർ പരിഹരിക്കാനുള്ള ജോലികൾ ഇന്നലെ രാവിലെ മുതൽ ആരംഭിച്ചിരുന്നു. ഇതേതുടർന്ന് ജനറേറ്റർ മുഖേനയാണ് ആശുപത്രി പൂർണമായും പ്രവർത്തിച്ചിരുന്നത്. ജനറേറ്ററിൽ നിന്നും പുറത്തേക്കുള്ള കണക്ഷനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ലയിൽ നിന്നും എത്തിയ മൂന്ന് അഗ്നിരക്ഷാ സേന യൂണിറ്റുകളുടെ തീവ്രശ്രമത്തിന് ഒടുവിൽ തീയണച്ച് നിയന്ത്രണ വിധേയമാക്കി. ലിഫ്റ്റിൽ കുടുങ്ങിയവരെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചു.