v

വള്ളിക്കോട് : നാലുംകൂട്ടി മുറുക്കുന്നവർക്ക് ഒരുകാലത്ത് പ്രിയമായിരുന്നു വള്ളിക്കോടൻ വെറ്റില. വള്ളിക്കോടിന്റെ വളക്കൂറുള്ള മണ്ണിൽ അന്ന് വെറ്റിലകൃഷി വ്യാപകമായിരുന്നു. ഗുണമേന്മ മൂലം ശ്രദ്ധേയമായതോടെ വള്ളിക്കോടൻ വെറ്റിലയ്ക്ക് വിപണിയിൽ ആവശ്യക്കാരേറെയായിരുന്നു. പക്ഷേ ഇന്ന് പ്രദേശത്ത് വെറ്റിലകൃഷി നിലച്ചു. കൃഷി സ്ഥലങ്ങളിലെ വെള്ളക്കെട്ടും കാലാവസ്ഥാ വ്യതിയാനവും തടസമായതിന് പുറമെ കാൽനാട്ടാനുള്ള ഈറ്റയുടെ ക്ഷാമമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. താംബൂലത്തിനും മംഗളകാര്യങ്ങൾക്കും ഔഷധമായും ഉപയോഗിക്കുന്ന വെറ്റില വള്ളിക്കോട് ഗ്രാമത്തിൽ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്തിരുന്നു. മദ്ധ്യതിരുവിതാംകൂറിലെ പ്രധാന വെറ്റില വ്യാപാര കേന്ദ്രമായിരുന്ന പറക്കോട് മാർക്കറ്റത്തിൽ എത്തിയിരുന്ന വെറ്റിലയിൽ ഭൂരിഭാഗവും വള്ളിക്കോട്ട് കൃഷി ചെയ്തിരുന്നവയാണ്.

ചെലവേറിയതും തുടക്കം മുതൽ തന്നെ കരുതലും ശ്രദ്ധയും ആവശ്യമായതുമായ കൃഷിയാണ് വെറ്റില. തടമെടുക്കൽ, തണ്ടുനടൽ, വളമിടലും നനയ്ക്കലും , വളച്ചുകെട്ടൽ, മുളകുത്തൽ, വിളവെടുപ്പ്, വിപണനം, വെറ്റില ചായ്ക്കൽ, ഇടകീറൽ എന്നിവയാണ് വെറ്റില കൃഷിയുടെ വിവിധ ഘട്ടങ്ങൾ .

സ്ഥലപരിമിതിക്കും ജലലഭ്യതയ്ക്കും പരിപാലനത്തിനുമൊക്കെയുള്ള സൗകര്യം നോക്കിയാണ് വെറ്റിലകൃഷി ചെയ്യുന്നത്. പടർന്ന് കയറുന്ന സസ്യമായതിനാൽ പന്തൽ ആവശ്യമാണ്. ചാണകവും പച്ചിലകളുമാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. ചെടിയിൽ തളിരുകൾ വരാൻ ചാണകം ഉണക്കിപ്പൊടിച്ച് ഇട്ടുനൽകണം. രണ്ടും നേരവും നനയ്ക്കേണ്ട കൃഷിയാണിത്.

ഇൗറ്റയില്ലാത്തത് പ്രധാന തടസം

1 കമുക് ഉപയോഗിച്ച് തൂണ് നാട്ടിയ ശേഷം ഈറ്റ ഉപയോഗിച്ചാണ് വെറ്റിലകൃഷിക്ക് പന്തലിടുന്നത്. ഇൗറ്റയാണ് വെറ്റിലയ്ക്ക് പടരനായി താഴെ നാട്ടുന്നതും മുകളിൽ നിരത്തുന്നതും . . ബാംബു കോർപ്പറേഷന്റെ പൂങ്കാവ് ഡിപ്പോയിൽ നിന്നാണ് വള്ളിക്കോട്ടെ കർഷകർ നേരത്തെ ഇൗറ്റ കൊണ്ടുവന്നിരുന്നത്.

2. പൂങ്കാവിന് പുറമെ പറക്കോട്ടും ഇൗറ്റ ‌ഡിപ്പോ ഉണ്ടെങ്കിലും ഇവിടേക്കുള്ള യാത്രാ ചെലവും ഉപഭോക്താക്കളുടെ തിരക്കും കാരണം പൂങ്കാവിനെയാണ് ആശ്രയിക്കുന്നത്. വെറ്റില പടർന്ന് തുടങ്ങുന്ന സമയം മുതൽ ഈറ്റ ആവശ്യമാണ്.

3. പണം അടയ്ക്കുന്നതിനെ ചൊല്ലി ബാബൂ കോർപ്പറേഷനും വനംവകുപ്പും തമ്മിലുള്ള തർക്കം മൂലമാണ് വനത്തിൽ ഇൗറ്റവെട്ട് നിലച്ചത്.

----------------

വെറ്റില കൃഷിക്ക് ഏറ്റവും യോജിച്ച മണ്ണാണ് വള്ളിക്കോട്ടേത്. കൃഷി പുനരാരംഭിച്ചാൽ വിപണന രംഗത്ത് നേട്ടങ്ങൾ കൈവരിക്കാനാകും

അനിൽ കുമാർ

വള്ളിക്കോട്